റോഡരികിൽ അപകടഭീഷണിയിലുള്ള മരം മുറിച്ചുനീക്കണമെന്ന് ആവശ്യം
1516497
Saturday, February 22, 2025 12:49 AM IST
കൊഴിഞ്ഞാമ്പാറ: വണ്ണാമട-ഗോപാലപുരം സംസ്ഥാന പാതയ്ക്കരികിൽ ഉണങ്ങിയ വൃക്ഷം നിലമ്പതിക്കാവുന്ന അവസ്ഥയിൽ. മരച്ചില്ലകളിൽ നാലുഭാഗത്തായി തേനീച്ചകൂടുകളുമുണ്ട്. മരത്തിനു താഴെയായി വഴിയോര കച്ചവടക്കാർ ഉള്ളതിനാൽ വാഹനയാത്രക്കാർ ഈ സ്ഥലത്ത് ശീതള പാനീയത്തിനായി നിർത്താറുമുണ്ട്. തേനീച്ചകൾ പലതവണ കൂടിളകി റോഡിൽ പറന്നിരുന്നതായി സമീപ വാസികൾ അറിയിച്ചു.
ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ മരം റോഡിലേക്ക് വീണാൽ അനിഷ്ട സംഭവങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്. കൂടാതെ തേനീച്ചക്കൂട്ടം വഴിയാത്രക്കാരെ വളഞ്ഞു ആക്രമണവും ഉണ്ടാവുമെന്ന് പതിവ് യാത്രക്കാർ ഭയപ്പെടുന്നു. കൊഴിഞ്ഞാമ്പാറ -പൊള്ളാച്ചി പ്രധാനപാതയായതിനാൽ വലിയ വാഹനസഞ്ചാരവുമുണ്ട്.