ദൈവജനത്തെ ചിതറിക്കാനുള്ള ശ്രമങ്ങളുണ്ടായാൽ ദൈവത്തിന്റെ ശക്തമായ ഇടപെടലുകളുണ്ടാകും: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1490101
Friday, December 27, 2024 3:33 AM IST
വടക്കഞ്ചേരി: പൗരോഹിത്യത്തിന്റെ മാന്യതയും മഹത്വവും താഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങൾ പല കോണുകളിൽനിന്നും നടക്കുന്നുണ്ടെന്നും എന്നാൽ ദൈവജനത്തെ ചിതറിക്കാനുള്ള ശ്രമങ്ങളുണ്ടായാൽ അതിനെതിരേ ദൈവത്തിന്റെ ശക്തമായ ഇടപെ ടലുകളുണ്ടാകുമെന്നും പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ബോധിപ്പിച്ചു.
വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന ഇടവകാംഗം ഡീക്കൻ ജിബിൻ താക്കോൽക്കാരന്റെ (എംസിബിഎസ്) പൗരോഹിത്യ സ്വീകരണശുശ്രൂഷകളിൽ കാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. മനുഷ്യന് അസാധ്യമായതു ദൈവത്തിലൂടെ സാധ്യമാക്കുന്നതാണു പൗരോഹിത്യം. അനേകായിരങ്ങളിൽനിന്നും ഒരാളെ മാത്രം തെരഞ്ഞെടുക്കുന്ന ഏറ്റവും പവിത്രമായ തെരഞ്ഞെടുപ്പാണത്.
ദൈവം രൂപകല്പന ചെയ്തിട്ടുള്ളതാണ് പൗരോഹിത്യശുശ്രൂഷ. അതിനാൽത്തന്നെ പൗരോഹിത്യം ദൃഢമാണ്. അതൊരിക്കലും തകരില്ല. പൗരോഹിത്യം ദൈവത്തെയും ദൈവജനത്തെയും ബന്ധപ്പെടുത്തു ന്ന ശുശൂഷയാണ്. വിശുദ്ധ കുർബാനയെ അവഹേളിക്കുന്നതു പൈശാചികമാണെന്നും ബിഷപ് പറഞ്ഞു. ഓരോ തിരുപ്പട്ട ശുശ്രൂഷകളും വൈദികർക്ക് പുനർചിന്തനത്തിന്റെ നിമിഷങ്ങളാണു നൽകുന്നതെന്നും ബിഷപ് കൂട്ടിച്ചേർത്തു.
തിരുപ്പട്ട ശുശ്രൂഷയിൽ എംസിബിഎസ് പരംപ്രസാദ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോസഫ് കൈപ്പയിൽ ആർച്ച് ഡീക്കനായി. എംസിബിഎസ് ജനറൽ കൗൺസിലർ ഫാ. ജെയ്സൺ കുന്നേൽ, ഫാ. ജോർജ് കണ്ണംപ്ലാക്കൽ എന്നിവർ സഹകാർമികരായിരുന്നു. രൂപത വികാരി ജനറാൾ മോൺ. ജിജോ ചാലക്കൽ ഉൾപ്പെടെ വിവിധ വൈദികസഭാംഗങ്ങളിലെ നിരവധി വൈദികരും കന്യാസ്ത്രീകളും വലിയൊരു വിശ്വാസസമൂഹവും ശുശ്രൂഷകളിൽ പങ്കെടുത്തു. തുടർന്ന് നവ വൈദികൻ ഫാ. ജിബിൻ താക്കോൽക്കാരൻ പ്രഥമ ദിവ്യബലിയർപ്പണം നടത്തി.
ഫാ. ആനന്ദ് അമ്പൂക്കൻ, ഫാ. ജോൺ പുല്ലോക്കാരൻ സിഎംഐ, ഫാ.ജോർജ് കണ്ണംപ്ലാക്കൽ എംസിബിഎസ്, ഫാ.ജെയ്സൺ കുന്നേൽ എംസിബിഎസ് എന്നിവർ സഹകാർമികതരായിരു ന്നു. ബലിയർപ്പണത്തിനുശേഷം വൈദികനെ അനുമോദിക്കൽ നടന്നു. ഫാ. ജിബിൻ താക്കോൽക്കാരൻ മറുപടിപ്രസംഗവും നടത്തി.
തിരുപ്പട്ട ശുശ്രൂഷകൾക്കെത്തിയ ബിഷപ്പിനെയും ഡീക്കൻ ജിബിൻ താക്കോൽക്കാരനെയും ഫൊറോന വികാരി ഫാ. റെജി മാത്യു പെരുമ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. റ്റിബിൻ കരോട്ടു പുള്ളുവേലിപാറയിൽ, കൈക്കാരന്മാരായ ജോസ് ചുക്കനാനിയിൽ, ജെയിംസ് പൂതംകുഴി, ജനറൽ കൺവീനർ സണ്ണി നടയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇടവകസമൂഹം സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചത്. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.