കത്തോലിക്കാ കോണ്ഗ്രസ് പ്രതിഷേധിച്ചു
1489596
Tuesday, December 24, 2024 5:14 AM IST
പാലക്കാട്: തത്തമംഗലത്തും നല്ലേപ്പിള്ളിയിലും സ്കൂളിൽ നിർമിച്ച പുൽക്കൂട് തകർക്കുകയും ക്രിസ്മസ് ആഘോഷങ്ങൾ തടയുകയും ചെയ്ത സംഭവം മതേതരത്വ കേരളത്തിന് അപമാനകരമാണെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കത്തോലിക്ക കോണ്ഗ്രസ് പാലക്കാട് രൂപത സമിതി ആവശ്യപ്പെട്ടു.
പാലക്കാട് തത്തമംഗലം ജിബി യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച നിർമിച്ച പുൽക്കൂടാണ് തകർത്തത്. സ്കൂളിന്റെ ഗ്രില്ലിന്റെ ഉള്ളിലൂടെ നീളമുള്ള വടി ഉപയോഗിച്ച് അലങ്കാരങ്ങളെല്ലാം പുറത്തേക്കെടുത്ത് നശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതർ ചിറ്റൂർ പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല.
പാലക്കാട് നല്ലേപ്പള്ളി ഗവ. യുപി സ്കൂളിൽ നടത്തിയ ക്രിസ്മസ് ആഘോഷങ്ങൾ വിഎച്ച്പി പ്രവർത്തകർ തടഞ്ഞതിലും യോഗം പ്രതിഷേധിച്ചു.
സംഭവത്തിൽ വിഎച്ച്പി ജില്ലാ സെക്രട്ടറി, ജില്ലാ സംയോജക്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നിവരെ അറസ്റ്റ് ചെയ്തു എങ്കിലും സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും സാമുദായിക ഐക്യം തകർക്കാൻ ചിലർ നടത്തുന്ന ശ്രമം മുളയിലേ നുള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തിൽ രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ അധ്യക്ഷനായി. രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി, രൂപത ട്രഷറർ ജോസ് മുക്കട, കെ.എഫ്. ആന്റണി, ജോസ് വടക്കേക്കര, എലിസബത്ത് മുസോളിനി,
പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി സണ്ണി നെടുന്പുറം, ദീപ ബൈജു, ജിനി ജോസഫ്, ബെന്നി ചിറ്റേട്ട്, എബി വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു.