കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് തേടി കാരക്കാട് റെയിൽവേ സ്റ്റേഷൻ
1489591
Tuesday, December 24, 2024 5:14 AM IST
ഷൊർണൂർ: ഷൊർണൂരിനും ,പട്ടാമ്പിക്കുമിടയിലുള്ള കാരക്കാട് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കണമെന്നാവശ്യം. എല്ലാ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും കേവലം നാലു വണ്ടികൾ മാത്രമാണ് ഈ സ്റ്റേഷനിൽ നിർത്തുന്നത്. പ്രധാന സ്റ്റേഷനുകളോട് കിടപിടിക്കുന്ന മോടിയുണ്ടെങ്കിലും ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കുന്ന കാര്യത്തിൽ കാരക്കാട് റെയിൽവേ സ്റ്റേഷൻ അവഗണിക്കപ്പെടുകയാ ണ്. സ്റ്റേഷനിൽ മുമ്പ് നിർത്തിയിരുന്ന വണ്ടികൾക്കുപോലും ഇപ്പോൾ സ്റ്റോപ്പില്ല.
ഒരുവർഷമായി സ്റ്റേഷനിൽ നവീകരണം നടക്കുന്നുണ്ട്. നീളമുള്ള പ്ലാറ്റ്ഫോം ഉയർത്തി കോൺക്രീറ്റ് ചെയ്തു. ചുറ്റുമതിലും നിർമിച്ചു. നാലോളം പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ പണി നടന്നു വരികയാണ്. സ്റ്റേഷനിലേക്കുള്ള പാതയും സ്റ്റേഷൻ കെട്ടിടവും നന്നാക്കിയിട്ടുമുണ്ട്. പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിന് സംവിധാനമായിക്കഴിഞ്ഞു. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്കു പോകാൻ തറയോടുപതിച്ച മേൽനടപ്പാത നേരത്തേതന്നെയുണ്ട്.
കൂടാതെ രണ്ട് മെയിൻ ലൈനുകളും രണ്ട് ലൂപ്പ് ലൈനുകളും ഇവിടെയുണ്ട്. ഇത്രയെല്ലാം സൗകര്യമുണ്ടായിട്ടും തീവണ്ടികളില്ലാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്. കണ്ണൂർ-കോയമ്പത്തൂർ മെമുവിനും കണ്ണൂർ-കോയമ്പത്തൂർ ഫാസ്റ്റ് പാമ്പഞ്ചറിനും സ്റ്റോപ്പ് അനുവദിക്കണമെന്നാണു കോഴിക്കോട്, തൃശൂർ, കോയമ്പത്തൂർ ഭാഗങ്ങളിൽ പോകുന്ന വിദ്യാർഥികളും കച്ചവടാവശ്യത്തിനും ചികിത്സയ്ക്കുമായി പോകുന്ന ഗ്രാമീണരും ആവശ്യപ്പെടുന്നത്. രാവിലെ 7.10ന് തൃശൂർ-കണ്ണൂർ തീവണ്ടി പോയാൽ 13 മണിക്കൂർ കാത്തിരിക്കണം ഈ ഭാഗത്തേക്കുള്ള അടുത്ത തീവണ്ടി വരാൻ.
അതേപോലെ ഷൊർണൂർ ഭാഗത്തേക്ക് രാവിലെ 7.20-ന് കോഴിക്കോട്-ഷൊർണൂർ വണ്ടി പോയാൽ 12 മണിക്കൂർ കഴിയണം അടുത്ത വണ്ടിയെത്താൻ. ഷൊർണൂരിൽ നിർത്തിയിടാൻ ഫ്ലാറ്റ്ഫോം കിട്ടാനായി പല ദീർഘദൂര സ്പെഷൽ വണ്ടികളും നിത്യേന നിർത്തിയിടുന്നത് ഇവിടെയാണ്.
അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടായിട്ടും അവഗണനയുടെ പാളങ്ങളിലാണ് കാരക്കാട് റെയിൽവേ സ്റ്റേഷൻ. സ്റ്റോപ്പനുവദിക്കാതെ റെയിൽവേ സ്റ്റേഷൻ മോടി പിടിപ്പിച്ചത് കൊണ്ട് എന്ത് പ്രയോജനം എന്നാണ് യാത്രക്കാരുടെ ചോദ്യം. പുതുവത്സരത്തിലെങ്കിലും കൂടുതൽ വണ്ടികൾക്ക് ഇവിടെ സ്റ്റോപ്പനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.