ഭാരതപ്പുഴയിൽ നീരൊഴുക്കു താഴ്ന്നു
1490098
Friday, December 27, 2024 3:33 AM IST
ഷൊർണൂർ: വേനൽ തുടങ്ങുംമുന്പുതന്നെ ഭാരതപ്പുഴയിൽ നീരൊഴുക്കു താഴ്ന്നു. തടയണകളിലെല്ലാം ചേറും ചെളിയും മണലും നിറഞ്ഞുകിടക്കുന്നതിന്നാൽ വരുംദിവസങ്ങളിൽ കുടിവെള്ളത്തിനും ക്ഷാമം അനുഭവപ്പെട്ടെക്കാം.
കഴിഞ്ഞ പ്രളയകാലത്ത് തടയണകളിൽ വലിയ രീതിയിൽ മണൽവന്ന് അടിഞ്ഞുകൂടിയതാണ് വെള്ളം സംഭരിക്കാൻ കഴിയാത്ത സാഹചര്യത്തിനിടയായത്. ഒട്ടേറെ പദ്ധതികൾ ഭാരതപ്പുഴയ്ക്കുവേണ്ടി ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും മണൽനീക്കാൻ ഇതുവരെയും നടപടി എടുത്തിട്ടില്ല. വെള്ളം സംഭരിക്കാൻ കഴിയാതായാൽ ഏക്കറുകണക്കിന് കൃഷിയും പ്രതിസന്ധിയിലാവും.
മുൻ മാസങ്ങളിൽ ഷട്ടറുകൾതുറന്നിട്ട് തടയണയിലെ വെള്ളം ഒഴുകിപ്പോയതും പ്രതിസന്ധിക്കു കാരണമായി എന്നാണ് കർഷകർ പറയുന്നത്.
അതേസമയം ഷൊർണൂരിൽ കാരക്കാട് പോലുള്ള പ്രദേശങ്ങളിൽ കൃഷിയിറക്കാൻ വെള്ളമില്ലാതെ നെൽപ്പാടങ്ങൾ വിണ്ടുകീറിയ അവസ്ഥയിലാണ്. തടയണയിൽ മതിയായ ജലം സംഭരിക്കാൻ കഴിയാത്തതിനാൽ വേനലിൽ കുടിവെള്ള പ്രശ്നം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ആകെ 360 മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് തടയണ നിർമിച്ചിട്ടുള്ളത്.പ്രതിദിനം 20 ദശലക്ഷം ലീറ്റർ ശേഷിയുള്ള ജലശുദ്ധീകരണ ടാങ്ക്, മോട്ടർ പമ്പുകൾ, ട്രാൻസ്ഫോമർ എന്നിവ ഉൾപ്പെടുന്ന കുടിവെള്ള പദ്ധതിയാണ് ഭാരതപ്പുഴയിൽ നിലവിലുള്ളത്.
ഷൊർണൂർ നഗരസഭാ പ്രദേശത്തിനും വാണിയംകുളം പഞ്ചായത്തിനും ആണ് തടയണ പദ്ധതി കൂടുതൽ ഗുണം ചെയ്തത്. തൃശൂർ ജില്ല മൈനർ ഇറിഗേഷൻ വിഭാഗമാണ് കിഫ്ബി ഫണ്ടിൽ നിന്ന് ഷൊർണൂർ- ചെറുതുരുത്തി തീരങ്ങളെ ബന്ധിപ്പിച്ചുള്ള തടയണ നിർമിച്ചത്.