സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശം
1489850
Wednesday, December 25, 2024 12:15 AM IST
കാത്തിരിപ്പിന്റെ പൂർത്തീകരണമായി ഒരു ക്രിസ്മസ് കൂടി വന്നെത്തി. ഇന്നത്തെ കാലത്ത് ക്രിസ്മസ് പൊതുവേ വെറും ആഘോഷത്തിന്റെ അവസരമായി മാറിയിരിക്കുന്നു.
വിഭജിക്കപ്പെട്ട സമൂഹത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ക്രിസ്മസ് നൽകുന്നത്. ക്രിസ്തു ഒരു ആത്മീയ നേതാവ് മാത്രമായിരുന്നില്ല, സാമൂഹിക പരിഷ്കർത്താവും കൂടെയാണ്.
അന്നത്തെ കാലത്തെ അനീതിയെയും സാമൂഹിക തിന്മകളെയും അവൻ വെല്ലുവിളിച്ചു. ജാതി, മത, ലിംഗ വ്യത്യാസങ്ങൾ ഇല്ലാതെ അവൻ സമൂഹത്തിൽ താഴ്ന്നവർക്ക് വേണ്ടിയും ഒന്നുമില്ലാത്തവർക്ക് വേണ്ടിയും നിലകൊണ്ടു.
മത ആചാരങ്ങൾക്ക് വേണ്ടി മാത്രം നിലകൊണ്ട ഫരിസേയരെയും മതപുരോഹിതരെയും അവൻ വെല്ലുവിളിച്ചു. മനുഷ്യരിൽ നിന്നും അകന്നു പോകുന്ന ആചാരങ്ങൾക്ക് എതിരെയാണ് അവൻ സംസാരിച്ചത്. സ്നേഹം, കരുണ, നീതി എന്നിവയാണ് ക്രിസ്തുവിന്റെ മുഖമുദ്ര. അധികാരത്തിനും അക്രമത്തിനും എതിരായി, അഹിംസക്കും സമാധാനത്തിനും അനുരഞ്ജനത്തിനുമാണ് അവൻ പ്രാധാന്യം നൽകിയത്.
അവന്റെ അനുയായികളോട് ശത്രുക്കളെ സ്നേഹിക്കുവാനും സമാധാനം സ്ഥാപിക്കുവാനും അവൻ ആവശ്യപ്പെട്ടു. അധികാരത്തേക്കാളും അന്തസിനെക്കാളും പ്രാധാന്യം അവൻ നൽകിയത് എളിമയ്ക്കും സേവനത്തിനുമാണ്. നിയമത്തിന്റെ അടിസ്ഥാനം പരസ്നേഹമാണെന്ന് അവൻ പഠിപ്പിച്ചു.
ക്രിസ്മസ് എന്നുപറയുന്നത് ത്യാഗവും സ്നേഹവും കരുണയുമാണ്. പുൽക്കൂട്ടിൽ നമ്മൾ കാണുന്നത് സമൂഹത്തിലെ താഴെത്തട്ടിലുള്ള ആട്ടിടയന്മാരെയും വിജാതീയരായ പൂജ രാജാക്കന്മാരെയുമാണ്.
ക്രിസ്തുവിന്റെ കരുണ നമ്മെ ക്ഷണിക്കുന്നത് മതപരമായ വിശ്വാസത്തിലേക്ക് മാത്രമല്ല, രോഗികളെ ശുശ്രൂഷിച്ച മദർ തെരേസയെ പോലെ, സാമൂഹിക നീതിക്കുവേണ്ടി നിലകൊണ്ട സ്റ്റാൻസ്വാമിയെപ്പോലെ സാമൂഹിക ഉന്നമനത്തിലേക്കാണ്. എല്ലാവർക്കും നല്ലൊരു ക്രിസ്മസും പുതുവത്സരവും ആശംസിക്കുന്നു.
ഡോ. അന്തോണിസാമി
പീറ്റർ അബീർ,
സുൽത്താൻപേട്ട രൂപത മെത്രാൻ