യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും സൗഹൃദ ക്രിസ്മസ് കരോൾ നടത്തി
1489595
Tuesday, December 24, 2024 5:14 AM IST
ചിറ്റൂർ: വിദ്യാർഥി മനസുകളിൽ വർഗീയതയുടെ വിത്ത് പാകാൻ ശ്രമിച്ചാൽ കോൺഗ്രസ് പ്രവർത്തകർ മുളയിലേ പിഴുതെറിയുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ. നല്ലേപ്പിള്ളി ഗവ.യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചതിന് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ സൗഹാർദ ക്രിസ്മസ് കരോൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയിൽ സംഘപരിവാർ നടത്തി വിജയം കണ്ട വർഗീയ അജണ്ട കേരളത്തിൽ നടത്താൻ അനുവദിക്കില്ല. മതത്തിനും കക്ഷിരാഷ്ട്രീയത്തിനും അതീതമായ സൗഹാർദ്ദം പുലരാൻ മതേതര മനസുള്ള മുഴുവൻ പേരെയും ഒന്നിപ്പിക്കും.
കോൺഗ്രസ് വാർഡ്തതലത്തിലും സൗഹാർദ കരോൾ നടത്തുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു. നല്ലേപ്പിള്ളി മാട്ടുമന്തയിൽ നിന്നാരംഭിച്ച കരോൾ സ്കൂൾ അങ്കണത്തിൽ കേക്ക് പങ്കുവെച്ച് സമാപിച്ചു. യൂത്ത് കോൺഗ്രസ് ചിറ്റൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ. സാജൻ അധ്യക്ഷനായി.
ഡിവൈഎഫ്ഐ കരോൾ
ചിറ്റൂർ: നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ് അധ്യാപകരെയും വിദ്യാർഥികളെയും ഭിഷണിപ്പെടുത്തിയ സംഘപരിവാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചിറ്റൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂളിന് മുന്നിൽ കേക്ക് മുറിച്ചും സൗഹൃദ ക്രിസ്മസ് കരോൾ നടത്തിയും പ്രതിഷേധിച്ചു. കേക്ക് മുറിച്ച് നൽകിയതിനുശേഷം സ്കൂളിന് മുന്നിൽ നിന്നും ആരംഭിച്ച കരോൾ നല്ലേപ്പിള്ളി മാട്ടുമന്തയിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി . ദിനനാഥ് അധ്യക്ഷനായി. മേഖല സെക്രട്ടറി എം നിഷാന്ത്, മേഖല പ്രസിഡന്റ് സി.പി. വിപിൻ തുടങ്ങിയവർ പ്രസംഗിച്ചു.
മാർച്ചിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, നല്ലേപ്പിള്ളി പഞ്ചായത്തംഗങ്ങൾ, സിപിഎം ടൗൺ ലോക്കൽ സെക്രട്ടറി എസ്. മുത്തലിഫ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ആർ. അച്യുതാനന്ദൻ ഉൾപ്പെടെ ഉള്ളവർ കരോളിനു നേതൃത്വം നൽകി.