കിഴക്കിൽ കരിന്തിരി; അരികിൽ അക്ഷയഖനി
1489852
Wednesday, December 25, 2024 12:15 AM IST
പാലക്കാട് ജില്ലയുടെ കിഴക്കൻമേഖലയായ ചിറ്റൂർ താലൂക്ക് ഒരുകാലത്തു കൂടുതൽ ഇനം കാർഷികവിളകളാൽ സന്പന്നമായിരുന്നു.
ഏകദേശം 2000 കാലഘട്ടം ആകുന്പോഴേക്കും ഇതെല്ലാം മൺമറഞ്ഞു. ഇന്നത്തെ കാർഷികവികാസം നെല്ലിലും തെങ്ങിലും പച്ചക്കറികളിലും ക്ഷീരകർഷകരിലും നാമമാത്രമായി ഒതുങ്ങുന്പോൾ ഉയർന്നുവരുന്നൊരു ചോദ്യമുണ്ട്.
തൊട്ടടുത്ത്, തമിഴ്നാട് സംസ്ഥാന അതിർത്തിക്കപ്പുറം എന്താണ് സംഭവിക്കുന്നത്. മണ്ണും കാലാവസ്ഥയും വെള്ളത്തിന്റെ ലഭ്യതയുമെല്ലാം സമാനമായിട്ടും വിജയഗാഥ രചിക്കുകയാണ് അവിടത്തെ കർഷകർ. പഴയ വേലന്താവളം ചെക്പോസ്റ്റു മുതൽ ഗോവിന്ദാപുരം ചെക്പോസ്റ്റ് വരെ നീണ്ടുകിടക്കുന്ന കിഴക്കൻമേഖല സംസ്ഥാന അതിർത്തി.
ഇതിന് ഇരുപതുകിലോമീറ്റർ പരിധിയിൽ അപ്പുറവും ഇപ്പുറവും നടക്കുന്ന തമിഴ്നാടൻ കാർഷിക ഉന്നമനവും കിഴക്കൻമേഖലയുടെ ദുരവസ്ഥയും വിശകലനംചെയ്യുന്ന അന്വേഷണ റിപ്പോർട്ട്- കിഴക്കിൽ കരിന്തിരി; അരികിൽ അക്ഷയഖനി - എം.വി. വസന്ത് തയാറാക്കിയ പരന്പര ഇന്നുമുതൽ.
ചർച്ചയായി തേങ്ങാതോട്ടിയും കൊളുത്തും
തേങ്ങയിടൽതോട്ടിയും കൊളുത്തുമാണ് കിഴക്കൻമേഖലയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. തെങ്ങിൽനിന്നു നാളികേരം വലിച്ചിടുന്ന തോട്ടിയും ഇരുന്പുകൊളുത്തും അത്രയേറെ വെട്ടിലാക്കിയിരിക്കുകയാണ് കേരകർഷകരെ.
തമിഴ്നാട്ടിൽനിന്നെത്തുന്ന മൊത്തക്കച്ചവടക്കാർ ഇരുന്പുകൊക്കിയിട്ടു വലിക്കുന്ന തെങ്ങുകളിൽ ഫലപുഷ്ടി കുറഞ്ഞതായാണ് ഇവരുടെ ആരോപണം.
പണ്ടൊക്കെ തെങ്ങിനു മുകളിൽകയറി നാളികേരമിട്ടശേഷം മുകൾഭാഗമെല്ലാം വൃത്തിയാക്കിയിരുന്നു.
ഇന്ന് അതെല്ലാം പഴങ്കഥയായി. നിലത്തുനിന്ന് നീളൻതോട്ടി ഉപയോഗിച്ച് നാളികേരം പറിച്ചെടുക്കുകയാണ് തമിഴ് വ്യാപാരികളടക്കം തുടർന്നുവരുന്നത്. നാലുവർഷംമുന്പ് ആറായിരം നാളികേരംവരെ ലഭിച്ചിരുന്ന തോട്ടത്തിൽ ഇപ്പോൾ ലഭിക്കുന്നത് 400 നാളികേരംമാത്രമെന്നും കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
തമിഴ്നാട്ടിൽ തെങ്ങിൽകയറി നാളികേരമിടുന്ന രീതി തുടരുന്പോൾ അവിടെനിന്നുമെത്തുന്നവർ എന്തിന് ഇവിടെ ഇങ്ങനെ ചെയ്യുന്നുവെന്നും കർഷകർ ചോദിക്കുന്നു.