കാഴ്ചപരിമിതി പരിഗണിച്ച് കാർത്യായനിക്ക് മുൻഗണനാ റേഷൻകാർഡ്
1489590
Tuesday, December 24, 2024 5:14 AM IST
ഒറ്റപ്പാലം: കാഴ്ചാപരിമിതി പരിഗണിച്ച് കാർത്യായനിക്ക് മുൻഗണനാ റേഷൻ കാർഡ് നൽകാൻ മന്ത്രിയുടെ നിർദേശം. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാരക്കാട് ആരിയത്ത് പറമ്പിൽ കാർത്യായനിക്ക് ഞരമ്പിന്റെ തകരാറു മൂലം കാഴ്ചശക്തി നഷ്ടമായത്. മാതാപിതാക്കളും സഹോദരങ്ങളും മരിച്ചു പോയതിനാൽ സഹോദരന്റെ ഭാര്യയുടെ സംരക്ഷണയിലാണ് കാർത്യായനി എന്ന അമ്പത് വയസുകാരി.
എറണാകുളം പോത്താനിക്കാട് വനിതകൾക്കു മാത്രമായുള്ള ബ്രെയിലി ലിപി സെന്ററിൽ തുടർന്ന് പഠിച്ച് പത്താം ക്ലാസ് പാസായി. ഗവ. വിക്ടോറിയ കോളജിൽ പ്രീഡിഗ്രി വരെയും പഠിച്ച ഇവർ ചെറിയ കൈത്തൊഴിൽ ചെയ്താണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. ഒറ്റപ്പാലം ലക്കിടി യുണൈറ്റഡ് കൺവൻഷൻ സെന്ററിൽ നടന്ന അദാലത്തിൽ കാർത്യായനിയുടെ അപേക്ഷ പ്രത്യേകം പരിഗണിച്ച് മന്ത്രി എം.ബി. രാജേഷ് ഇവരുടെ റേഷൻ കാർഡ് മുൻഗണനാ കാർഡായി തരംമാറ്റി നൽകുകയായിരുന്നു.