നമ്മുടെ ഹൃദയങ്ങളിൽ യേശു ജനിക്കണം
1489851
Wednesday, December 25, 2024 12:15 AM IST
ക്രിസ്മസ് ആഘോഷങ്ങളുടെ അവശ്യ ഘടകമാണ് പുൽക്കൂടുകൾ. വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് പതിമൂന്നാം നൂറ്റാണ്ടിൽ പുൽക്കൂട് ആദ്യമായി ഉണ്ടാക്കിയത്.
അതേതുടർന്നു പലരും ക്രിസ്മസ്കാലത്ത് പുൽക്കൂടുകൾ ഉണ്ടാക്കാൻ തുടങ്ങി. ആദ്യമാദ്യം ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും അവ നിർമിക്കപ്പെട്ടു. പിന്നീട് ഭവനങ്ങളിലും പൊതുസ്ഥലങ്ങളിലും പുൽക്കൂടുകൾ സ്ഥാപിക്കപ്പെട്ടു.
ഈ പതിവ് വ്യാപകമായ പശ്ചാത്തലത്തിലാണ് പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ഥനായ ആംഗല സാഹിത്യകാരൻ അലക്സാണ്ടർ പോപ്പ് ""നൂറുനൂറു പുൽക്കൂടുകളിൽ ഉണ്ണിയേശു പിറന്നാലും എന്റെ ഹൃദയത്തിൽ പിറക്കുന്നില്ലെങ്കിൽ എനിക്ക് എന്ത് പ്രയോജനം'' എന്ന അത്യന്തം പ്രസക്തമായ ചോദ്യം ചോദിച്ചത്.
പുൽക്കൂടുകൾ ഉണ്ടാക്കുന്നത് ഇന്ന് ഒരു കച്ചവടമായി മാറിക്കഴിഞ്ഞു.
പല തരത്തിലും വലിപ്പത്തിലുമുള്ള പുൽക്കൂടുകൾ നിർമിക്കപ്പെടുന്നു. ഏറ്റവും നൂതനമായ രീതിയിലുള്ള പുൽക്കൂടുകളും സുലഭമാണ്. പുൽക്കൂടുമത്സരങ്ങളും ഒരു ഫാഷൻ ആയിക്കഴിഞ്ഞു. മനുഷ്യനിർമിതമായ ഒരു പുൽക്കൂട്ടിലും ഉണ്ണിയേശു ജനിക്കുന്നില്ല.
ഒരിക്കൽ മാത്രമാണ് അവിടന്ന് ജനിച്ചത്. അതൊരു കാലിത്തൊഴുത്തിലായിരുന്നു.
ലോകചരിത്രത്തിലെ ഏക തിരുപ്പിറവിയെ പുൽക്കൂടുകൾ ഉണ്ടാക്കിക്കൊണ്ട് നാം അനുസ്മരിക്കുന്നു. ഇന്ന് ഈശോ ജനിക്കേണ്ടത്, അലക്സാണ്ടർ പോപ്പ് പറഞ്ഞതുപോലെ മനുഷ്യ ഹൃദയങ്ങളിലാണ്. സ്നേഹം തന്നെയായ ദൈവത്തിന്റെ സത്തയുടെ പ്രതിരൂപമായ ഈശോ സ്നേഹമുള്ള വ്യക്തികളുടെ ഹൃദയങ്ങളിലാണ് വസിക്കുന്നത്.
സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു എന്നാണല്ലോ യോഹന്നാൻ ശ്ലീഹാ പഠിപ്പിക്കുന്നത്.
മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്പോൾ മനസിൽ ദൈവം ജനിക്കുന്നു എന്ന കവിവാക്യവും ഇക്കാര്യം തന്നെയാണല്ലോ അനുസ്മരിപ്പിക്കുന്നത്. സ്നേഹിക്കാത്തവരിൽ ദൈവം വസിക്കുന്നില്ല. കാരണം ദൈവം സ്നേഹമാണ്. ദൈവത്തെയും സഹോദരരെയും സ്നേഹിക്കാത്തവർ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങൾ ഒരു ചരിത്രസംഭവത്തിന്റെ അനുസ്മരണം മാത്രമാകുന്നു. അവയ്ക്കൊന്നും തിരുപ്പിറവിയുടെ സന്തോഷം പ്രദാനം ചെയ്യാൻ സാധിക്കില്ല. സ്നേഹത്തിൽ വസിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്തോഷം എപ്പോഴും അനുഭവിക്കുവാൻ സ്നേഹംതന്നെയായ ദൈവം നമ്മെ സഹായിക്കട്ടെ. ഏവർക്കും ഹാപ്പി ക്രിസ്മസ്.
മാർ ജേക്കബ് മനത്തോടത്ത്, ബിഷപ് എമരിറ്റസ്