ക്രിസ്മസ് ദൈവസ്നേഹത്തിന്റെ ആൾരൂപം
1489848
Wednesday, December 25, 2024 12:15 AM IST
സന്തോഷത്തിന്റെ ക്രിസ്മസും പ്രതീക്ഷയുടെ പുതുവർഷവും സമാഗതമായി. രക്ഷാകരവും ക്രിയാത്മകവുമായ ദൈവസ്നേഹത്തിന്റെ ആൾരൂപമാണ് ക്രിസ്മസ്.
അതു പൊടുന്നനെയുണ്ടായ ഒരു സംഭവമല്ല, മറിച്ച് സമയബന്ധിതമായി ദൈവം പൂർത്തീകരിച്ച ദീർഘകാലവാഗ്ദാനവും പദ്ധതിയുമാണ്. ദൈവം സ്നേഹമാണ്. സ്നേഹംതന്നെയായ ദൈവത്തിന്റെ മനുഷ്യരൂപമാണ് ഈശോമിശിഹാ.
സകലമനുഷ്യരുടെയും രക്ഷക്കു വേണ്ടിയുള്ള പദ്ധതിയാണ് ദൈവം ഈശോമിശിഹായിൽ വിഭാവനം ചെയ്ത് പൂർത്തിയാക്കിയത്.
മനുഷ്യന്റെ രക്ഷക്ക് വേണ്ടിയുള്ള ദൈവപദ്ധതി ഫലപ്രദമായി നിറവേറ്റാൻ ദൈവം ഈശോയിൽ മനുഷ്യനായി ജനിച്ചു. അതാണ് ക്രിസ്മസ്. മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹവും കരുതലുമാണ് ക്രിസ്മസിൽ വെളിപ്പെടുന്നത്.
ദൈവം മനുഷ്യരായ നമ്മോടൊപ്പമാണ് എന്ന യാഥാർഥ്യവും അതിന്റെ അനുഭവവുമാണ് ക്രിസ്മസിൽ വ്യക്തമായി തെളിയുന്നു.
ഈ അനുഭവം നമ്മുടെ തെറ്റായ ചിന്തകളിലും ബോധ്യങ്ങളിലും മനോഭാവങ്ങളിലും മാറ്റങ്ങൾ വരുത്തി നമ്മെ പുതുസൃഷ്ടിയാക്കിത്തീർക്കണം. മനുഷ്യരിൽ ദൈവത്തെയും ദൈവത്തിൽ മനുഷ്യരെയും ദർശിക്കാൻ നമുക്ക് കഴിയണം.
ക്രിസ്മസിന്റെ പശ്ചാത്തലത്തിൽ ലഭിക്കുന്ന ചില അടിസ്ഥാന ബോധ്യങ്ങളുണ്ട്. ദൈവ മഹത്വം ദർശിക്കാൻ മനുഷ്യസഹവാസം അനിവാര്യമാണ്; ഈശോമിശിഹാ എന്റെ രക്ഷയും രക്ഷകനുമാണ്; ദൈവം ഈശോയിൽ എന്നോടുകൂടെയുണ്ട്; വചനം പങ്കു വയ്ക്കുന്നിടത്ത് ദൈവം തന്നെത്തന്നെ നൽകുന്നു; സക്കറിയായെപ്പോലെ അനുഗ്രഹപ്രാപ്തിക്ക് പ്രാർഥന നിർബന്ധമാണ്; മറിയത്തിനു സംഭവിച്ചതുപോലെ ദൈവത്തിന് ഒന്നും അസാധ്യമല്ല; ഞാൻ ചിന്തിക്കുന്നതല്ല ദൈവം പറയുന്നതാണ് ശരി, ഇങ്ങനെയുള്ള തിരിച്ചറിയലുകൾ ക്രിസ്മസ് അർത്ഥവത്തായി ആഘോഷിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.
ദൈവം മനുഷ്യനായി ജനിച്ചത് സ്ത്രീയിൽ നിന്നാണ്. അതുവഴി സ്ത്രീസമൂഹം വളരെയേറെ ആദരിക്കപ്പെടുന്നു. ദൈവദൃഷ്ടിയിൽ സ്ത്രീ എന്ന സൃഷ്ടിക്ക് അതിശ്രേഷ്ഠസ്ഥാനമുണ്ടെന്നു ബോധ്യപ്പെടുത്തുന്നു.
ഏവരും അപ്രകാരം ഒരു സമീപനം സ്വീരിക്കണ്ടതാണെന്ന് കടപ്പെടുത്തുന്നു. സ്ത്രീയുടെ, അമ്മ എന്ന സ്ഥാനത്തിനു ഒന്നും പകരം വയ്ക്കാനില്ല.
മനുഷ്യഹൃദയങ്ങളിൽ സ്നേഹവും സന്തോഷവും സാഹോദര്യവും സമാധാനവും പ്രത്യാശയും വിതക്കുന്ന ക്രിസ്മസിന്റെ അർത്ഥവും ലക്ഷ്യവും വേണ്ടതുപോലെ മനസിലാക്കിയവർ അത് ഉചിതമായി ആഘോഷിക്കുകതന്നെ ചെയ്യും.
അംഗീകരിച്ചാലും ഇല്ലെങ്കിലും ക്രിസ്മസിലെ ദൈവം എല്ലാവരുടെയും ദൈവമാണ്. ക്രിസ്മസ് ആഘോഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സ്കൂളുകളിലും മറ്റും നടത്തുന്ന ക്രിസ്മസ് ആഘോഷത്തെയും കരോൾ പരിപാടികളെയും വളരെ സങ്കുചിതമായ മനസോടെ ചിലർ ബോധപൂർവം തടസപ്പെടുത്തുന്നതും, കുട്ടികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തുന്നതും അവർ മൂല്യബോധമുൾക്കൊണ്ട് അധ്വാനിച്ചു തയാറാക്കിയ പുൽക്കൂടു നശിപ്പിക്കുന്നതും അത്യന്തം അപലപനീയമാണ്.
കുഞ്ഞുങ്ങളുടെ ഇളം മനസുകളിൽ വർഗീയവിഷം കുത്തിവയ്ക്കുന്ന അത്തരം കുത്സിതപ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ ആരുതന്നെ ആയാലും അവർക്കെതിരേ ശക്തവും ഉചിതവുമായ നടപടികൾ എടുത്തേ മതിയാവു.
നമ്മുടെനാട്ടിൽ പേരുകേട്ട മതസൗഹാർദതയും പരസ്പരസ്നേഹവും വർധിച്ചുവരട്ടെ. ക്രിസ്മസും പുതുവർഷവും കൂടുതൽ അനുഗ്രഹപ്രദമാകട്ടെ. ഏവർക്കും ക്രിസ്മസ് പുതുവർഷാശംകൾ.
മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, പാലക്കാട് രൂപത മെത്രാൻ