കൊയ്ത്ത് ആരംഭിച്ച കർഷകർ ആധിയിൽ
1489589
Tuesday, December 24, 2024 5:14 AM IST
ഒറ്റപ്പാലം: വള്ളുവനാടൻ പാടശേഖരങ്ങളിൽ രണ്ടാംവിള കൊയ്ത്തുതുടങ്ങി. വലിയ പ്രതീക്ഷകളോടുകൂടിയാണ് കർഷകർ രണ്ടാംവിള കൊയ്ത്ത് ആരംഭിച്ചിട്ടുള്ളത്. എന്നാൽ ചില പാടശേഖരങ്ങളിൽ രണ്ടാംവിള വളരെ മോശമായിരുന്നുവെന്നാണ് കർഷകർ പറയുന്നത്.
കാട്ടുപന്നികൾ കൃഷിനശിപ്പിച്ചതാണ് കർഷകർക്ക് ഇത്തവണ നഷ്ടം ഉണ്ടാവാൻ കാരണം. നെല്ലുവിളഞ്ഞതോടെ കാട്ടുപന്നികൾ കൂട്ടത്തോടെയായിരുന്നു പാടങ്ങളിലേക്കെത്തിയത്. കൊയ്ത്തു കഴിയാത്ത പാടശേഖരങ്ങളിൽ ഇപ്പോഴും കാട്ടുപന്നി ശല്യം രൂക്ഷമാണ് രാത്രിയിൽ പടക്കംപൊട്ടിച്ചും പാടങ്ങളിൽ തുണികെട്ടിയുമൊക്കെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൃഷിനശിപ്പിക്കലിനു കുറവില്ലെന്ന് കർഷകർ പറയുന്നു.
നെല്ലുവിളയാത്ത പാടങ്ങളുടെ വരമ്പുകൾ കുത്തി നശിപ്പിച്ചു. പാടങ്ങളിൽ പലഭാഗങ്ങളിലും വീണുകിടക്കുന്ന നെൽച്ചെടികൾ കൊയ്തെടുക്കാൻപറ്റാത്ത സ്ഥിതിയാണ്. ചെളിയിൽ താഴ്ന്നതിനാൽ വീണ നെല്ല് മുളയ്ക്കുകയും ചെയ്തിട്ടുണ്ട്.
നെൽച്ചെടികൾ കാട്ടുപന്നികൾ കാരണം വീണതോടെ പണിക്കാരെ ഉപയോഗിച്ചാണ് കൊയ്തെടുക്കുന്നത്. ഇത് കർഷകർക്ക് ഇരട്ടിച്ചെലവാണ് വരുത്തുന്നത്. കൃഷിക്കായി ചെലവഴിച്ച തുകപോലും പലർക്കും ലഭിക്കാത്ത സ്ഥിതിയാണ്.
വൈക്കോലാകട്ടെ പകുതിയും നഷ്ടമായി. യന്ത്രക്കൊയ്ത്താണെങ്കിൽ കൂലിച്ചെലവ് കുറവുവരും. വരും ദിവസങ്ങളിൽ രണ്ടാംവിള കൊയ്ത്ത് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും.