ദൈവത്തിലേക്ക് കുറച്ചുകൂടി അടുപ്പിക്കുന്ന ക്രിസ്മസ്
1489849
Wednesday, December 25, 2024 12:15 AM IST
യൂറോപ്പും അമേരിക്കയും തമ്മിലുള്ള വാർത്താവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടപ്പോൾ അത്യഗാധമായ കടലിലൂടെ ആദ്യമായി അയക്കേണ്ട സന്ദേശം എന്താണെന്ന് ബന്ധപ്പെട്ടവർ ചർച്ച ചെയ്തു.
ദീർഘമായ ചർച്ചയ്ക്കു ശേഷം അവർ തീരുമാനിച്ചു മാലാഖയുടെ സന്ദേശം തന്നെയാകട്ടെ 'അത്യുന്നതങ്ങളിൽ ദൈവത്തിനുമഹത്വം, ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം '. (ലൂക്കാ 1:14) അത്ഭുതകരമായ ശാസ്ത്രീയ സങ്കേതികവിദ്യയിലൂടെ അമേരിക്കൻ ഭൂഖണ്ഡവുമായി വാർത്താ വിനിമയ ബന്ധം സ്ഥാപിച്ചപ്പോഴും അതിന് ബന്ധപ്പെട്ടവരെ പ്രാപ്തരാക്കിയ ദൈവത്തെയും ദൈവവചനശക്തിയെയും അവർ മറന്നില്ല.
ഇന്ന് ലോകം മുഴുവനും പ്രത്യേകിച്ച് ക്രൈസ്തവലോകം ക്രിസ്മസ് ആഘോഷത്തിന്റെ തിമിർപ്പിലാണ്. ജനനവും കർമവും പ്രബോധനങ്ങളും ജീവിതാർപ്പണവും വഴി ലോകം മുഴുവന്റേയും രക്ഷകനും നാഥനുമായ ഈശോമിശിഹായുടെ സമാനതകളില്ലാത്ത ജന്മദിനം.
വെട്ടിപ്പിടിക്കാനും സ്വന്തം അധികാരങ്ങളും ജീവിത സൗകര്യങ്ങളും വർധിപ്പിക്കാനും ഉറപ്പുവരുത്താനും ഏതറ്റംവരെയും പോകാൻ മടി കാണിക്കാത്ത ലോകത്തിൽ മനുഷ്യരാശിക്കുവേണ്ടി നന്മ ചെയ്യാനും മരിക്കാനുമായിമാത്രം വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങിവന്ന ദൈവപുത്രന്റെ ജന്മദിനം.
ആ ജനനത്തിന് അന്നും ഇന്നും ഒരു സന്ദേശമേ നൽകാനുള്ളൂ. എല്ലാം ദൈവത്തിൽ നിന്ന് എന്ന് വിശ്വസിക്കുകയും ദൈവത്തിന്റെ അപരിമേയമായ മഹത്വം ഉൾക്കൊണ്ട് സൃഷ്ടിയായ മനുഷ്യൻ ചിന്തിക്കുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത് സൃഷ്ടാവിനോടു ബോധപൂർവം കൃതഞ്ജതാഭരിതരായി ചേർന്നു നിന്നാൽ ഭൗതികമായ ഉള്ളായ്മയിലും ഇല്ലായ്മയിലും സ്വസ്ഥമായി സംത്യപ്തിയോടെ, ആരെയും ഭയക്കാതെ മുന്നോട്ടു പോകാം. ഏവർക്കും ക്രിസ്മസ് - നവവത്സരാശംസകൾ.
മാർ പോൾ ആലപ്പാട്ട്,
രാമനാഥപുരം
രൂപത മെത്രാൻ