കർഷകരുടെ നേർസാക്ഷ്യം
1489854
Wednesday, December 25, 2024 12:15 AM IST
ഇവിടെ കേരകർഷകർ വല്ലാത്ത ദുരിതത്തിലാണ്. ഉത്പാദനം വളരെ കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലെപ്പോലെയാണ് ഇവിടെ പല തോട്ടങ്ങളിലും കൃഷിചെയ്യുന്നതെങ്കിലും അവിടത്തെ വിളവ് ഇവിടെ ലഭിക്കുന്നില്ല.- കല്യാണപ്പോട്ട കല്ലന്തോട്ടിലെ കർഷകനും വ്യാപാരിയുമായ തങ്കവേലു പറയുന്നു.
തേങ്ങ പറിച്ചെടുക്കുന്ന രീതിയും തമിഴ്നാടൻപണിക്കാരുടെ കൊക്കിക്കൊളുത്തുംതന്നെയാണ് പ്രധാന പ്രശ്നം. ഇതുപയോഗിക്കുന്ന തെങ്ങുകളിൽ ഉത്പാദനം പിന്നീട് കുറയുന്നതാണ് കണ്ടിട്ടുള്ളത്.
എന്റെ തോട്ടത്തിൽമാത്രം നാലുവർഷംമുന്പ് ഒറ്റത്തവണ നാലായിരം നാളികേരവരെ ഇട്ടിരുന്നതു കഴിഞ്ഞതവണ മൂന്നൂറിലെത്തിനിൽക്കുന്നു. മിക്ക കർഷകർക്കും ഈ അഭിപ്രായമുണ്ട്. പക്ഷേ, കർഷകർക്കു വില്പനയ്ക്കു വേറെ വഴികളില്ല. തമിഴ്നാടൻകച്ചവടക്കാർമാത്രമാണ് ആശ്രയം. ഇവിടത്തെ കൃഷിവകുപ്പ് ഇതിനെക്കുറിച്ച് മിണ്ടുന്നില്ല, പഠനങ്ങളും നടത്തുന്നില്ലെന്നു തങ്കവേലു പറയുന്നു.
ഇക്കാര്യത്തിൽ പൊള്ളാച്ചിയിലെ കർഷകർക്കും ഭിന്നാഭിപ്രായമില്ല. ഇത്തരം കന്പിക്കൊളുത്ത് തോട്ടിയുപയോഗിച്ച് തേങ്ങപറിക്കാൻ അവർ സമ്മതിക്കാറില്ല. തെങ്ങിനു മുകളിൽകയറി തേങ്ങയിടുന്നെങ്കിൽമാത്രമേ തൊഴിലാളിയെ അനുവദിക്കുകയുള്ളു. തേങ്ങയിടുന്നതിനൊപ്പം തെങ്ങിന്റെ മുകൾഭാഗം വൃത്തിയാക്കി ചവിട്ടിശരിപ്പെടുത്തുന്നതും ഇവരുടെ ജോലിയിൽ ഉൾപ്പെടും. കച്ചവടം മാത്രമല്ല, കൃഷിയെ ദൈവികമായി കാണുന്നെന്നും അവിടത്തെ കർഷകർ കൂട്ടിച്ചേർക്കുന്നു.
കൃഷികൾ മൺമറയുന്പോൾ
2000 കാലഘട്ടത്തിനു മുന്പുതന്നെ പല കൃഷികളും കിഴക്കൻമേഖലയിൽ മണ്മറഞ്ഞു. പക്ഷേ, ഇതേ കൃഷികൾ ഇന്നും തമിഴ്നാട് അതിർത്തിക്കപ്പുറം പഴയതിലും മികച്ചതായി കൃഷിചെയ്തു വരുന്നുമുണ്ട്.1975- 80 കാലഘട്ടത്തിൽ കോളിഫ്ളവർ, ബീൻസ്, ചേന, ചേന്പ് എന്നിവ വലിയതോതിൽ വിളവെടുത്ത കർഷകരും കിഴക്കൻമേഖലയിലുണ്ടായിരുന്നെന്നു കർഷകർ ഓർത്തെടുക്കുന്നു.
പന, വാളൻപുളി, കൊടുക്കാപ്പുളി എന്നിവയും ഇവിടെയുണ്ടായിരുന്നു. വാളൻപുളി മാത്രമാണ് ഇന്നു കൃഷിയും ബിസിനസുമായി പലരും ചെയ്തുവരുന്നത്. പനയുടെ എണ്ണവും ഉപഉത്പന്നങ്ങളുടെ ഉത്പാദനവും തീരെയില്ലാതായി.
കൊടുക്കാപ്പുളി അന്നും ഇന്നും കൃഷിയോ ബിസിനസോ ആയി കിഴക്കൻമേഖലക്കാർ കണ്ടിട്ടില്ലെങ്കിലും സൂപ്പർഡ്യൂപ്പർ കയറ്റുമതി ബിസിനസായി തമിഴ്നാടൻ കൊടുക്കാപ്പുളി മാറിക്കഴിഞ്ഞു. കൃഷികൾ മൺമറഞ്ഞുപോകുന്പോൾ കർഷകരിൽമാത്രം പഴിചാരിയിട്ടും കാര്യമില്ല. കാർഷികസംസ്കാരത്തിന്റെ പ്രധാന ആണിവേരായ തൊഴിലാളികൾക്ക് എന്തു സംഭവിച്ചെന്നുകൂടി തിരിച്ചറിയണം.
( നാളെ....കർഷക- തൊഴിലാളി അധ്വാനം, അതാണ് എല്ലാം)