ഒറ്റപ്പാലം പഴയകോടതി പുരാവസ്തുവകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യം
1489587
Tuesday, December 24, 2024 5:14 AM IST
ഒറ്റപ്പാലം: പുതിയ കോടതി സമുച്ചയം കണ്ണിയംപുറത്ത് സ്ഥാപിക്കപ്പെടുന്നതോടെ പഴയ കോടതികെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുമോയെന്ന കാര്യത്തിൽ തീരുമാനമായില്ല. ഇക്കാര്യത്തിൽ ഇപ്പോഴും മനസ് തുറക്കാൻ പുരാവസ്തു വകുപ്പ് തയ്യാറായിട്ടില്ല. ജനപ്രതിനിധികളും മൗനത്തിലാണ്. നൂറ്റാണ്ട് പിന്നിട്ട നിലവിലുള്ള കെട്ടിടം ബ്രിട്ടീഷ് ഭരണത്തിന്റെ സൃഷ്ടിയാണ്.
ഏറെ വിവാദങ്ങൾക്ക് ശേഷമാണ് പുതിയ കോടതിസമുച്ചയം കണ്ണിയംമ്പുറത്ത് നിർമിക്കാൻ ധാരണയായത്. ഇതിനായി കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ കണ്ണിയംപുറത്തെ സ്ഥലമാണ് ലഭ്യമാക്കിയത്. ഉപാധികളോടെയാണ് സ്ഥലം വിട്ടുനൽകിയിരിക്കുന്നത്. ജലസേചനവകുപ്പിന്റെ 70 സെന്റ് സ്ഥലമാണ് കോടതിസമുച്ചയ നിർമാണത്തിനായി കൈമാറുക. ഉടമസ്ഥാവകാശം റവന്യൂവകുപ്പിൽ നിലർത്തി ഭൂമിയുടെ കൈവശാവകാശമാണ് കൈമാറാൻ ഉത്തരവിട്ടിട്ടുള്ളതെന്ന് കെ. പ്രേംകുമാർ എംഎൽഎ പറഞ്ഞു.
ഉത്തരവിറങ്ങി ഒരുവർഷത്തിനകം നിർമാണം തുടങ്ങണം. സ്ഥലത്തെ മരങ്ങൾ മുറിക്കാൻ റവന്യൂവകുപ്പിന്റെ അനുവാദം വാങ്ങണം. ഒപ്പം മുറിക്കുന്നതിന്റെ മൂന്നിരട്ടി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കണം. സ്ഥലം പണയപ്പെടുത്താനോ ഉപപാട്ടത്തിനോ നൽകരുത് തുടങ്ങിയ ഉപാധികളോടെയാണ് സ്ഥലം കൈമാറ്റം ചെയ്യുന്നത്. ഇവയിൽ ഏതെങ്കിലുമൊന്ന് ലംഘിച്ചാൽ സ്ഥലം തിരികെ റവന്യൂവകുപ്പിൽ പുനർനിക്ഷിപ്തമാകും.
നിലവിൽ താലൂക്കോഫീസിന് സമീപത്തുള്ള ഒറ്റപ്പാലം കോടതി കെട്ടിടത്തിന് ഒന്നര നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ട്. 2012-ലാണ് പുതിയ കോടതിസമുച്ചയം നിർമിക്കാൻ തീരുമാനിച്ചത്. നിലവിലെ കെട്ടിടം പൊളിച്ച് അതേസ്ഥലത്ത് പുതിയകെട്ടിടം നിർമിക്കാനായി 23.35 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിക്കരുതെന്നും പുരാവസ്തുവെന്ന നിലയിൽ സംരക്ഷിക്കണമെന്നും വാദമുയർന്നു. പൊളിച്ചുപണിയുമ്പോൾ സമീപത്തുള്ള സബ് ജയിലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാനാവില്ലെന്നതും പ്രതിസന്ധിയായി.
പിന്നീടാണ് കണ്ണിയംപുറത്തെ ജലസേചനവകുപ്പിന്റെ സ്ഥലത്തേക്ക് മാറ്റാൻ ധാരണയായത്.
ഏഴുനിലകളിലായാണ് ഒറ്റപ്പാലത്ത് പുതിയ കോടതിസമുച്ചയം നിർമിക്കുക. അഡീഷണൽ ജില്ലാകോടതി, കുടുംബകോടതി, സബ് കോടതി, മുൻസിഫ് കോടതി, മജിസ്ട്രേറ്റ് കോടതി എന്നീ കോടതികൾ പല സ്ഥലങ്ങളിലായാണ് ഇപ്പോഴുള്ളത്. ഇവയെല്ലാം ഒറ്റ കെട്ടിടത്തിലേക്ക് വരുമെന്നതാണ് പ്രത്യേകത.
വീഡിയോ കോൺഫറൻസിംഗ് മുറി, യോഗംചേരാനുള്ള മുറികൾ, സ്ത്രീകൾക്കായി പ്രത്യേക മുറി എന്നിവയുൾപ്പെടെ നിർമിക്കാനായിരുന്നു മുൻധാരണ. പദ്ധതിയുടെ ഭരണാനുമതി പുതുക്കി സാങ്കേതികാനുമതി നേടാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.
പഴയ കോടതി സമുച്ചയം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.