കടൽ കടന്ന് പൊള്ളാച്ചിത്തേങ്ങ
1489853
Wednesday, December 25, 2024 12:15 AM IST
നാളികേര കയറ്റുമതിയിൽ കുതിക്കുകയാണ് പാലക്കാടൻ കിഴക്കൻമേഖലയുടെ 20 കിലോമീറ്റർ തൊട്ടപ്പുറത്തുള്ള തമിഴ്നാടിന്റെ പൊള്ളാച്ചി എന്ന കാർഷിക ഹബ്. ആഫ്രിക്കൻ, ശ്രീലങ്കൻ നാളികേരങ്ങൾക്കൊപ്പം പൊള്ളാച്ചിത്തേങ്ങയും ഇംഗ്ലണ്ടിലും താരമായി മാറിക്കഴിഞ്ഞു.
യുകെയിലെ ഒന്നാംനന്പർ സൂപ്പർസ്റ്റോറായ ടെസ്കോയാണ് പൊതിച്ച തേങ്ങകൾ പൊള്ളാച്ചിയിൽനിന്നെടുത്തു കച്ചവടംചെയ്യുന്നത്. എത്ര ഉത്പാദനമുണ്ടായാലും അത്രയുമെടുത്തോളാം എന്ന നിലപാടിലാണ് ഈ കന്പനി.
പൊള്ളാച്ചി കാർഷികമേഖലയിലെ നാളികേര ഉത്പാദനം ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. സർക്കാർപിന്തുണയിലും സ്വന്തംനിലയിലും നാളികേരകയറ്റുമതി നടത്തുകയാണ് പൊള്ളാച്ചിയിലെ നൂറിലേറെവരുന്ന ചെറുതുംവലുതുമായ നാളികേര ഫാമുകൾ.
ഗുണമേന്മയുളള നാളികേരങ്ങളുടെ ഉത്പാദനം ലക്ഷ്യമിട്ടുണ്ടായ കഠിനാധ്വാനമാണ് പൊള്ളാച്ചിയുടെ ഈ വിജയഗാഥയ്ക്കു പിന്നിൽ.
തേങ്ങകൾ തരംതിരിച്ചു ഗുണമേന്മ കൂടിയവമാത്രം വിദേശത്തേക്ക് അയയ്ക്കാൻ തുടങ്ങിയതോടെ സ്ഥിരംആവശ്യക്കാരെ കണ്ടെത്താനും പൊള്ളാച്ചിയിലെ നാളികേര ഫാമുകൾക്കു സാധിച്ചു. തെങ്ങിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി മൂല്യവർധിത ഉത്പന്നങ്ങൾകൂടി കടൽ കടത്താനാണ് പൊള്ളാച്ചിക്കാരുടെ നീക്കം.
കിഴക്കൻമേഖലയിലെ കേരകർഷകരുടെ ഏക ആശ്വാസം പൊള്ളാച്ചിയിൽനിന്നെത്തുന്ന മൊത്തക്കച്ചവടക്കാരാണ്.
ഇവർ കേരളഗ്രാമങ്ങളിലെത്തി തേങ്ങപറിച്ച് മൊത്തവിലയ്ക്കു തൂക്കിയെടുക്കും. ഇതടക്കം പോകുന്നതു പൊള്ളാച്ചിയിലേക്കുതന്നെ.
പൊതുവെ പൊള്ളാച്ചി തേങ്ങകളെക്കാളും രുചിയിലും ഗുണത്തിലും മികച്ചതായാണ് നമ്മുടെ തേങ്ങകൾ അറിയപ്പെടുന്നത്.
തൊട്ടടുത്ത കാർഷിക പ്രദേശത്തായിട്ടും പൊള്ളാച്ചിയുടെ നാളികേരസംസ്കാരം തൊട്ടുതീണ്ടാത്ത അവസ്ഥയിലാണ് പാലക്കാട് കിഴക്കൻമേഖല. ഉത്പാദനത്തിൽമാത്രം ശ്രദ്ധചെലുത്തുന്ന കേരളത്തിലെ കർഷകർ വിപണിമൂല്യം മനസിലാക്കുന്നില്ലെന്നും മൂല്യവർധിത ഉത്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നതിലേക്കും ഇവിടത്തെ നഷ്ടക്കണക്കുകളും പൊള്ളാച്ചി വിജയഗാഥയും വിരൽചൂണ്ടുന്നു.