വേനൽ തുടങ്ങുംമുമ്പേ കിഴക്കഞ്ചേരി പഞ്ചായത്തിൽ കുടിവെള്ളക്ഷാമം
1489327
Monday, December 23, 2024 2:08 AM IST
വടക്കഞ്ചേരി: വേനൽ തുടങ്ങുംമുമ്പേ കിഴക്കഞ്ചേരി പഞ്ചായത്തിൽ രൂക്ഷമാവുകയാണ് ജലക്ഷാമം. കണിച്ചിപരുത, വെള്ളിക്കുളമ്പ്, ലവണപാടം, ഒറവത്തൂർ, പനംകുറ്റി, പെരുംതുമ്പ, വാൽക്കുളമ്പ് തുടങ്ങിയ പ്രദേശത്തെല്ലാമുണ്ട് കുടിവെള്ളം കിട്ടാത്തസ്ഥിതി.
വെള്ളം ഇല്ലെങ്കിലും വെള്ളക്കരം പിരിക്കൽ തകൃതിയാണെന്ന് പ്രദേശവാസിയായ സുലൈമാൻ പറഞ്ഞു. പൈപ്പിലൂടെ എയർ മാത്രമേ വരുന്നുള്ളൂ. കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് വീട്ടുകാരെല്ലാം.
കുടിവെള്ള ക്ഷാമത്തിന്റെ ഇരകളാകുന്നവർ കൂടുതൽപേരും കൂലിപ്പണിക്കു പോകുന്നവരാണ്.
പഞ്ചായത്തിലും മറ്റും പല തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണു പറയുന്നത്. 350 വാട്ടർ കണക്്ഷനുള്ള പ്രദേശത്ത് രണ്ടുടാങ്ക് വെള്ളം കൊണ്ടുവന്ന് റോഡരികിലുള്ളവർക്ക് ഒന്നോ രണ്ടോ കുടം വെള്ളം വിതരണം ചെയ്യും. റോഡിൽ നിന്നും മാറിയുള്ള വീടുകൾക്ക് വെള്ളംകിട്ടുന്നില്ല. രാഷ്ട്രീയ പാർട്ടി നേതാക്കളെല്ലാം പ്രദേശത്തുണ്ടെങ്കിലും ജനങ്ങളുടെ വിഷയത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപങ്ങളും ശക്തമാണ്.