ശോഭ ഗ്രൂപ്പിന്റെ ദേവി ഹോമിനു മൂലങ്കോട്ട് തറക്കല്ലിട്ടു
1489324
Monday, December 23, 2024 2:08 AM IST
വടക്കഞ്ചേരി: പ്രായമായ സ്ത്രീകൾക്കും അനാഥരായ പെൺകുട്ടികളുടെ സംരക്ഷണത്തിനായി ശ്രീ കുറുമ്പ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ മൂലങ്കോട്ടിൽ ദേവി ഹോമിനു തറക്കല്ലിട്ടു.
കെട്ടിട സമുച്ചയത്തിന് കെ.ഡി. പ്രസേനൻ എംഎൽഎയാണു തറക്കല്ലിട്ടത്. ശോഭ മേനോൻ, ശോഭ ഗ്രൂപ്പ് ചെയർമാൻ രവി മേനോൻ, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്
കവിത മാധവൻ, വാർഡ് മെംബർ ആർ. പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.
അന്പതുവയസിനു മുകളിൽ പ്രായമുള്ള നിരാലംബരായ സ്ത്രീകൾക്കും പത്തു വയസിനു താഴെയുള്ള അനാഥരായ പെൺകുട്ടികൾക്കും സുരക്ഷിത ജീവിതം ഉറപ്പുവരുത്തുന്ന പദ്ധതിയാണു ദേവി ഹോം. 72 പെൺകുട്ടികൾക്കും 72 സ്ത്രീകൾക്കുമാണു താമസസൗകര്യം ഒരുക്കുന്നത്.
കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ മൂന്നു പഞ്ചായത്തുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് ദേവി ഹോമിലെ അന്തേവാസികളായി തെരഞ്ഞെടുക്കുക.
42,000 സ്ക്വയർ ഫീറ്റ് വലുപ്പത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിക്കുന്നത്. ട്രസ്റ്റ് നിർമിക്കുന്ന അത്യാധുനിക അങ്കണവാടിയുടെ തറക്കല്ലിടലും എംഎൽഎ നിർവഹിച്ചു. 2030നുള്ളിൽ ജില്ലയിലെ ആയിരം കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുന്ന ഗൃഹശോഭ പദ്ധതിയും നടന്നുവരികയാണ്.