കർഷകർക്ക് ഷൊർണൂർ നഗരസഭ നൽകാനുള്ളത് ഒരുകോടിരൂപ
1489329
Monday, December 23, 2024 2:08 AM IST
ഷൊർണൂർ: ഷൊർണൂർ നഗരസഭയിൽനിന്ന് കർഷകർക്ക് ലഭിക്കാനുള്ളതു ഭീമമായ തുക. ഒരു കോടിയോളം രൂപയാണ് നഗരസഭ നൽകാനുള്ളത്. എന്നാൽ ഈ തുക നൽകാൻ നഗരസഭക്ക് ഫണ്ടില്ലന്നാണ് അധികൃതർ പറയുന്നത്.
നിലവിൽ 15 പാടശേഖര സമിതികളിൽ 860 കർഷകർക്ക് ഒരു കോടിയോളം രൂപയാണ് കൃഷി വകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ നൽകാനുള്ളത് എന്നാണ് കർഷകർ പറയുന്നത്.
രണ്ടാം വിളയ്ക്കു ഉഴവുകൂലിയായി 6500 രൂപയും കൃഷിവകുപ്പ് നൽകുന്ന സുസ്ഥിരി നെൽക്കൃഷി വികസന പദ്ധതിയിലൂടെ 5500 രൂപയും, പ്രൊഡക്ഷൻ ബോണസായി ഹെക്ടറിന് 400 രൂപയുമാണ് ഒരു കർഷകന് കിട്ടേണ്ടത്. ഷൊർണൂർ ബ്ലോക്കിനു കീഴിൽ ഒന്പതു കൃഷിഭവനാണുള്ളത്. ഇതിൽ ഷൊർണൂരിൽമാത്രമാണ് ഇപ്പോഴും തുക ലഭിക്കാത്തതിനാൽ രണ്ടാംവിള പോലും ഇറക്കാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലായത്.
ഒരു കർഷകനു രണ്ടാം വിളയ്ക്കു 12,400 രൂപ കിട്ടേണ്ട സ്ഥലത്ത് ആകെ കിട്ടിയത് 1200 രൂപ മാത്രമാണ്. ഷൊർണൂർ നഗരസഭ പരിധിക്കുപ്പുറത്തുള്ള മറ്റ് കൃഷി ഭവനുകളിൽ 10,000 രൂപയ്ക്ക് മുകളിൽ ഉഴവുകൂലി നൽകുന്നുണ്ട്.
ആദ്യഘട്ടത്തിൽ കുമ്മായം സൗജന്യമായിരുന്നെങ്കിലും ഇപ്പോൾ അത് നിർത്തിയതും കർഷകരെ പ്രതിസന്ധിയിലാക്കി. മാർച്ചിൽ മാറേണ്ട ബില്ലുകൾ കൃഷി വകുപ്പ് വൈകി തന്നതിനാലാണ് തുക നൽകാൻ കഴിയാത്തത് എന്നാണ് നഗരസഭാ ചെയർമാൻ പറയുന്നത്.
എന്നാൽ നഗരസഭ നൽകുന്ന ഫണ്ടു പോരെന്നും ഉഴുവുകൂലിക്ക് 50 ലക്ഷമെങ്കിലും വേണമെന്നും ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്തുനൽകിയിട്ടുണ്ടെന്നുമാണ് കൃഷി വകുപ്പ് പറയുന്നത്.
30 ടൺ വിത്തുകൾ നഗരസഭയ്ക്കു വേണ്ടി കൃഷിവകുപ്പ് ഒരുക്കിയിട്ടുണ്ടെങ്കിലും മുഴുവൻ തുകയും നൽകാതെ വിത്തുകൾ കൈപ്പറ്റില്ല എന്നാണ് കർഷകരുടെ വാദം.