അശരണരും അനാഥരുമായവർക്ക് സഹായവുമായി ചെറുപുഷ്പം സ്കൂൾ വിദ്യാർഥികൾ
1489330
Monday, December 23, 2024 2:08 AM IST
വടക്കഞ്ചേരി: നാണയത്തുട്ടുകളും ചെറുനോട്ടുകളും സമാഹരിച്ച് വടക്കഞ്ചേരി ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചതു അനാഥരും അശരണരുമായവർക്കൊപ്പം.
പുതപ്പുകൾ, കമ്പിളി തുണികൾ മറ്റു വസ്ത്രങ്ങൾ തുടങ്ങിയവ വാങ്ങി വിതരണം ചെയ്താണ് കുട്ടികൾ സ്നേഹസന്ദേശം പങ്കുവച്ചത്. മംഗലംപാലത്തെ ദൈവദാൻ സെന്ററിലും വൈകല്യമുള്ള കുട്ടികളെ സംരക്ഷിക്കുന്ന ചിറ്റടിയിലെ അനുഗ്രഹ ഭവനിലും മലമ്പുഴയിലെ പ്രോവിഡൻസ് ഹോമിലുമാണ് തുണികളും കേക്കും വിതരണം ചെയ്തത്. പ്രദേശത്തെ നൂറ് നിർധന കുടുംബങ്ങൾക്കും തങ്ങളാലാകാവുന്ന സഹായങ്ങൾ കുട്ടികൾ നൽകി. ഉള്ളതിൽനിന്ന് പങ്കുവക്കുന്ന സന്ദേശമാകണം ക്രിസ്മസ് എന്ന് സന്ദേശം നൽകിയ ഫൊറോന വികാരി ഫാ.റെജി പെരുമ്പിള്ളിൽ പറഞ്ഞു.
പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിൻ വർഗീസ്, പിടിഎ പ്രസിഡന്റ് ബോബൻ ജോർജ്, വിദ്യാർഥി പ്രതിനിധി എ. അഫ്സ, സ്റ്റാഫ് പ്രതിനിധി സ്റ്റെഫി എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് സ്കിറ്റ്, സംഘനൃത്തം തുടങ്ങി വർണാഭമായിരുന്നു ആഘോഷം.