ഡീക്കൻ ജിബിൻ താക്കോൽക്കാരന്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും നാളെ
1489856
Wednesday, December 25, 2024 12:15 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന ഇടവാകാംഗമായ ഡീക്കൻ ജിബിൻ (ലൂക്ക്) താക്കോൽക്കാരന്റെ (എംസിബിഎസ്) പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും നടക്കും.
രാവിലെ 9.15ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന ദേവാലയത്തിൽ രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ തിരുപ്പട്ട സ്വീകരണ തിരുകർമങ്ങൾക്ക് കാർമികത്വം വഹിച്ച് കൈവയ്പ്പ് ശുശ്രൂഷ വഴി ശുശ്രൂഷാ പൗരോഹിത്യം നൽകും. തുടർന്ന് നവ വൈദീകൻ പ്രഥമ ദിവ്യബലിയർപ്പണം നടത്തും.
എംസിബിഎസ് പരംപ്രസാദ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോസഫ് കൈപ്പയിൽ, എംസിബിഎസ് ജനറൽ കൗൺസിലർ ഫാ. ജെയ്സൺ കുന്നേൽ എന്നീ വൈദീകർ സഹകാർമികരാകും. തുടർന്ന് നവ വൈദീകൻ പ്രഥമ ദിവ്യ ബലിയർപ്പണം നടത്തും.
വടക്കഞ്ചേരി ടൗണിനടുത്ത് കറ്റുകോട് താക്കോൽക്കാരൻ ടി. ഡി. ജോസഫ്, മൂവാറ്റുപുഴ വാഴക്കുളം കല്ലുങ്കൽ കുടുംബാംഗവും കണ്ണമ്പ്ര യുപി സ്കൂൾ റിട്ടയേർഡ് അധ്യാപികയുമായ ലൈസമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകനാണ് ഡീക്കൻ ജിബിൻ താക്കോൽക്കാരൻ. സഹോദരങ്ങൾ: ജിൽസ്, ജെയ്നൽ.
വടക്കഞ്ചേരി ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിൽ ഏഴാം ക്ലാസ് പഠനത്തിനുശേഷം പന്തലാംപാടം മേരിമാതാ സ്കൂളിലായിരുന്നു ഡീക്കൻ ജിബിന്റെ എസ്എസ്എൽസി വിദ്യാഭ്യാസം. തുടർന്ന് കോട്ടയം അതിരമ്പുഴ മൈനർ സെമിനാരിയിൽ ചേർന്നു. അവിടെ മൂന്നുവർഷത്തെ പഠനത്തിനുശേഷം കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് ഒരു വർഷത്തെ നൊവിഷേറ്റ് ചെയ്തു.
ചെന്നായ്പ്പാറ ദിവ്യഹൃദയ ആശ്രമത്തിലായിരുന്നു ഒരു വർഷത്തെ റീജൻസി. ബംഗളൂരു ജീവാലയ സെമിനാരിയിൽ മൂന്നുവർഷത്തെ ഫിലോസഫി പഠനവും താമരശേരി സനാതന മേജർ സെമിനാരിയിൽ മൂന്നുവർഷത്തെ തിയോളജി പഠനവും പൂർത്തിയാക്കി. ചേർത്തല മുട്ടം സെന്റ് മേരിസ് ഫൊറോന പള്ളിയിലായിരുന്നു മൂന്നര മാസത്തെ ഡീക്കൻ മിനിസ്റ്ററി ചെയ്തത്.