കർഷക- തൊഴിലാളി അധ്വാനം, അതാണ് എല്ലാം
1490100
Friday, December 27, 2024 3:33 AM IST
ഏതുനാട്ടിലെ കർഷകരായാലും വിജയത്തിനു പ്രധാനം കർഷകന്റെയും തൊഴിലാളിയുടെയും അത്മസമർപ്പണംതന്നെ. മൂലധനമിറക്കുന്ന കർഷകന്റെ പെടാപ്പാടും ലാഭമുണ്ടാക്കലുമെല്ലാം എല്ലായിടത്തും ഒന്നുതന്നെ.
പക്ഷെ, കർഷക തൊഴിലാളികളുടെ കാര്യത്തിലാണു കാർഷികമേഖലയിലെ ദുരവസ്ഥ വിരൽചൂണ്ടുന്നത്.
കിഴക്കൻമേഖലയിൽ കൃഷിപ്പണിക്കാരെ കിട്ടാനില്ലെന്നതാണ് പ്രധാന പ്രശ്നം. പലരും നിർമാണമേഖല അടക്കമുള്ള മറ്റുവഴികളിലേക്കു തിരിഞ്ഞു. സ്ത്രീതൊഴിലാളികൾ തൊഴിലുറപ്പു പദ്ധതിയിൽമാത്രമായി ഒതുങ്ങുന്നു.
പത്തും ഇരുപതുംപേരും പണിയെടുത്ത പാടങ്ങളിൽ നാലും അഞ്ചും തൊഴിലാളികളുമായാണ് കർഷകർ ചക്രശ്വാസം വലിക്കുന്നത്. തൊഴിലാളികളുടെ കൂലി, സമയം എന്നിവയും കർഷകനെ നഷ്ടക്കണക്കിലേക്കു വലിച്ചിടുന്നു. യന്ത്രങ്ങളെയും അന്യസംസ്ഥാന തൊഴിലാളികളെയും ആശ്രയിച്ചാണ് പലയിടത്തും നെല്ലടക്കമുള്ള കൃഷികളുമായി കർഷകർ മുന്നോട്ടുപോകുന്നത്.
കിഴക്കൻമേഖലയും
തമിഴ് പണിക്കാരും
തമിഴ്നാട് അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ അവിടത്തെ തൊഴിലാളികൾ തന്നെയായിരുന്നു കിഴക്കൻമേഖലയുടെയും ആശ്രയം.
തമിഴ്നാട്ടിലെ കൂലി തുച്ഛമായതിനാൽ പലരും ഇങ്ങോട്ടേക്ക് ഒഴുകിയെത്തി.
ഇവിടത്തെ തൊഴിലാളികൾ നെൽകൃഷിയിലേക്കു മാത്രം ശ്രദ്ധകേന്ദ്രീകരിച്ചതോടെ മറ്റെല്ലാ തൊഴിലിനും തമിഴ് പണിക്കാരായി. ഇവരുടെ കൃത്യനിഷ്ഠയും കഠിനാധ്വാനവുമെല്ലാം ഇന്നും ചർച്ചാവിഷയമാവുകയാണ്.
മലയാളി നാട്ടുപണിക്കാരുടെ അടിയ്ക്കടിയുള്ള കൂലിവർധനവും പണിസമയം കുറയ്ക്കലുമെല്ലാം കർഷകരെ ചെറുതായൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഇന്നത്തെ തൊഴിൽസംസ്കാരത്തിൽ തമിഴ് തൊഴിലാളികൾ കിഴക്കൻമേഖലയിലേക്കില്ല.
കൃഷികുറഞ്ഞതും പണിക്കുറവും വേതനത്തിലെ വിവേചനവും അവരെ അവരുടെ നാട്ടിൽതന്നെ തളച്ചു. മലയാളി നാട്ടുപണിക്കാരുടെ എണ്ണവും കുറഞ്ഞു. ബംഗാളികളടക്കം അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചു കാർഷികവൃത്തി തുടരേണ്ട ഗതികേടിലെത്തിനിൽക്കുകയാണ് ഇവിടത്തെ കർഷകർ.
തമിഴ്നാട്ടിലുണ്ട് നമ്മുടെ പഴയ ചിറ്റൂർ!
തമിഴ്നാട്ടിലെ പ്രസിദ്ധമായ ദിണ്ടിക്കൽ അളങ്കാനല്ലൂർ വാടിപ്പട്ടി സ്ഥലങ്ങൾക്കു സമീപം നമ്മുടെ പഴയ ചിറ്റൂർ ഇന്നുമുണ്ട്. -ചോഴവന്താൻ- പണ്ടത്തെ ചിറ്റൂരിലെ അതേ കാലാവസ്ഥയും മണ്ണുമുള്ള പ്രദേശം.
ചിറ്റൂരിൽനിന്ന് ഇവിടേക്ക് 175 കിലോമീറ്റർ ദൂരം. 30 വർഷങ്ങൾക്കു മുന്പ് ചിറ്റൂർ കിഴക്കൻമേഖലയിൽ ചെയ്തിരുന്ന കൃഷിയെല്ലാം പതി·ടങ്ങു ഭംഗിയായി ഇവിടെ കൃഷിചെയ്തുവരുന്നു. പഴയ ചിറ്റൂരിന്റെ പ്രകൃതിസൗന്ദര്യവും ഇവിടെ കർഷകർ നിലനിർത്തിവരുന്നു.
ചിറ്റൂരിലെ കരിമണ്ണടങ്ങുന്ന വളക്കൂറുള്ള മണ്ണാണ് ഇവിടത്തേതും. രണ്ടു പ്രദേശങ്ങൾക്കിടയിലെ സ്ഥലങ്ങളിൽ പലതരം മണ്ണും കാലാവസ്ഥാ, അടിസ്ഥാന സൗകര്യ വ്യതിയാനങ്ങളുണ്ടെങ്കിലും ചിറ്റൂരിന്റെ സമാനതകളാണ് ചോഴവന്താൻ കാർഷികപ്രദേശത്തെ വേറിട്ടു നിർത്തുന്നത്.
ചോഴവന്താനും ചിറ്റൂരും തമ്മിലുള്ള സമാനതകൾക്കു പിൻബലമേകുന്ന ചരിത്രരേഖപ്പെടുത്തലുകളുമുണ്ട്. വില്യം ലോഗന്റെ മലബാർ മാന്വലും മലയാള ചരിത്രകാരൻ വി.വി.കെ. വാലത്തിന്റെ സ്ഥലചരിത്രവും തന്നെയാണ് ഇതിനു നിദാനമാകുന്ന രേഖകൾ. പണ്ടുകാലത്ത് ചോഴവന്താൻ അടക്കമുള്ള തമിഴ്പ്രദേശങ്ങളിൽനിന്നും പാലക്കാടൻ ചുരം കടന്നെത്തിയ കൃഷിരീതിയാണ് ചിറ്റൂരിനെ പിന്നീട് സന്പന്നമാക്കിയതെന്നു ഈ കൃതികളിലൂടെ മനസിലാക്കാനാകും.
തൃശൂർ കുതിരാൻ മുതൽ കൊഡൈക്കനാൽ സത്യമംഗലംവരെ നീളുന്നതാണ് പശ്ചിമഘട്ടത്തിലെ പാലക്കാടൻചുരം. അതുകൊണ്ടുതന്നെ ചുരത്തിലൂടെയുള്ള മനുഷ്യസഞ്ചാരവും കാർഷിക വിപണന സാധ്യതകളുമെല്ലാം ചിറ്റൂരിനെ മറ്റൊരു ചോഴവന്താനാക്കിയെന്നു അനുമാനിക്കാം.
നെന്മേനിയും നെന്മാറയും
വി.വി.കെ വാലത്തിന്റെ രേഖപ്പെടുത്തലുകളിൽ ഇതുംകൂടിയുണ്ട്. ചുരംപ്രദേശത്തു ഉൾപ്പെടുന്ന കിഴക്കൻമേഖലയിലെ കൊല്ലങ്കോട് നെന്മേനി വരെ പണ്ടുകാലത്ത് നെൽകൃഷി സമൃദ്ധമായിരുന്നു. നെൽകൃഷിമേന്മയുടെ പശ്ചാത്തലത്തിലാണ് നെന്മേനി എന്ന സ്ഥലനാമമുണ്ടായതത്ര.
തൊട്ടടുത്ത് നെല്ലിനു ബദലായി മറ്റു കൃഷിചെയ്തിരുന്ന പ്രദേശം അങ്ങനെ നെന്മാറയുമായി!.
വാലത്തിന്റെ മറ്റൊരു രേഖപ്പെടുത്തലും ചേർത്തുവായിക്കേണ്ടതാണ്. 1920 കളിൽ എറണാകുളത്തെ ജനസംഖ്യ 26,000 ആയിരുന്നു.
അന്നത്തെ ചിറ്റൂരിലെ ജനസംഖ്യ ആറായിരവും. പണ്ടുകാലത്തുതന്നെ കൃഷിയ്ക്കും താമസത്തിനും അനുയോജ്യമായ പ്രദേശമായിരുന്നു ചിറ്റൂർ കിഴക്കൻമേഖല എന്നും ഇതിലൂടെ അനുമാനിക്കാം.
കള്ളുകുടിയും നിലച്ചു!
നെൽകർഷകരും തൊഴിലാളികളും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതായിരുന്നു പണ്ടത്തെ കള്ളുകുടി സംസ്കാരം. പതിറ്റാണ്ടുകൾക്കു മുന്പ് കിഴക്കൻമേഖലയിലെ തൊഴിലാളികൾക്കു മുതലാളിമാർ അനുവദിച്ചിരുന്ന ആനുകൂല്യമായിരുന്നു കള്ളുകുടി.
രാവിലെമുതൽ വൈകുന്നേരം വരെ നീളും കൊയ്ത്തും അനുബന്ധ പരിപാടികളും. പിന്നീട് രാത്രിയിൽ നടക്കുന്ന പണികളാണ് കള്ളുകുടി. മദ്യസേവ എന്നല്ല ഇതിന്റെ അർഥം.
ചാക്കിൽ നിറക്കാത്ത, കറ്റക്കളത്തിൽ വീണുകിടക്കുന്ന നെല്ലും പതിരുമെല്ലാം വേർതിരിക്കലും അടുത്ത ദിവസത്തേക്കുള്ള കളം ഒരുക്കലുമെല്ലാം രാത്രികാലങ്ങളിൽ നടന്നിരുന്നു.ഇങ്ങനെ കിട്ടുന്ന നെല്ല് തൊഴിലാളിക്കുള്ളതാണ്. ഇങ്ങനെയാണ് തൊഴിലാളികൾ അന്നുകാലത്ത് തങ്ങളുടെ നഷ്ടം മറികടന്നിരുന്നത്.യന്ത്രക്കൊയ്ത്തും തൊഴിലാളിക്ഷാമവുമെല്ലാം ഇത്തരം കർഷക- തൊഴിലാളി ബന്ധവും ഇല്ലാതാക്കി.
തൊഴിലാളിക്ഷാമവും കൂലിപ്രശ്നവും
വിളകളുടെ മൺമറയലും
നിലക്കടല കൃഷി നഷ്ടത്തിലേക്കു നീങ്ങിയതിനു പിന്നിൽ തൊഴിലാളിക്ഷാമവും കൂലിയും തന്നെ. ഒരുകാലത്തു ഒരുപറ നിലക്കടല പറിച്ചെടുക്കുന്നതിനു രണ്ടുരൂപയായിരുന്നു കൂലി. ഇതു അഞ്ചുരൂപവരെ തുടർന്നു. പിന്നീടത് 400 രൂപ ദിവസക്കൂലിയായതോടെ കർഷകർ കൃഷി ഒഴിവാക്കി. വിറ്റാൽപോലും ലാഭംപോയിട്ടു മുതൽമുടക്കുപോലും കിട്ടാത്ത അവസ്ഥ.
മുതിരകൃഷിയിടത്തിൽ അഞ്ചു തൊഴിലാളികൾ മൂന്നുകിലോയോളംവരുന്ന എട്ടുകൂട് ചെടി വലിച്ചിരുന്നു. ഇതിൽ ആറുകൂട് മുതലാളിക്കും രണ്ടുകൂട് തൊഴിലാളിക്കുമായിരുന്നു. തൊഴിലാളിക്ഷാമം വന്നപ്പോൾ കൂലിയ 400 രൂപയിലെത്തി. കർഷകർ മുതിരകൃഷി നിർത്തി.
ചാമകൃഷിക്കു സംഭവിച്ചതും ഇതുതന്നെ. വിതച്ചുകഴിഞ്ഞു വിളവെടുത്തു ചാമ വേർതിരിച്ചിടുംവരെ മുതലാളിക്കും തൊഴിലാളിക്കും തുല്യവീതം. പകുതിക്കു പകുതിയെന്ന രീതി പിന്നീട് മാറി. 350 രൂപ വരെ കൂലിയെത്തിയപ്പോൾ കർഷകർ ചാമകൃഷിയും നിർത്തി.
പരുത്തികൃഷിയുടെ രീതിയും കൂലിയുമെല്ലാം വ്യത്യസ്തമായിരുന്നു. പുലർച്ചെ അഞ്ചിനു തുടങ്ങുന്ന കാർഷികവൃത്തികൾ രണ്ടുമണിക്കൂർമാത്രം. വിളവെടുത്ത് പരുത്തി വേർതിരിച്ചെടുത്ത് തൂക്കത്തിനാണ് വിൽക്കുക. ലാഭത്തിനൊത്ത വിളവില്ലാത്തതും 300 രൂപ കൂലിയായതും കർഷകരെ കൃഷിയിൽനിന്നും പിന്നോട്ടടുപ്പിച്ചു. പിന്നീട് പരുത്തികൃഷി കിഴക്കൻമേഖലയിൽനിന്നും അപ്രത്യക്ഷമായി.
വലിയ ചെലവൊന്നുമില്ലാത്ത കൃഷിയായിരുന്നു ചോളം. ലാഭകൃഷിയെന്നു കർഷകർ പോലും വിളിച്ചിരുന്നു. വിളവെടുത്ത് ചാക്കിട്ടുമൂടി ചപ്പുകൾ വേർതിരിച്ചെടുക്കുന്ന പണി മാത്രമായിരുന്നു പ്രധാനം. പക്ഷെ തൊഴിലാളികളുടെ കൂലിത്തർക്കത്തിൽ ഉടക്കി കർഷകർ കൃഷി ഉപേക്ഷിച്ചു.
കിഴക്കൻമേഖലയിലെ കർഷകരുടെ പ്രതീക്ഷയായിരുന്നു മേനോൻപാറ സർക്കാർ ഷുഗർ ഫാക്ടറി. ഇതിന്റെ പ്രവർത്തനം നിലച്ചതോടെ കർഷകർ കരിന്പുകൃഷിയോടും വിടപറഞ്ഞു. ഒരുകാലത്ത് ഹെക്ടർകണക്കിനു ഭൂമിയിൽ കരിന്പ് കൃഷി ചെയ്തിരുന്നു.
(നാളെ..മണ്ണിന്റെ മണമറിഞ്ഞിട്ടും ഗുണംകിട്ടാതെ..)