വാണിയംകുളം- കോതകുർശ്ശി പ്രധാനപാത നവീകരണത്തിനു ജല അഥോറിറ്റി കനിയണം
1485566
Monday, December 9, 2024 5:29 AM IST
ഒറ്റപ്പാലം: വാണിയംകുളം- കോതകുറുശ്ശി റോഡ് നവീകരണം അകാരണമായി വൈകുന്നു.
ഈ റോഡ് പഞ്ചായത്തുകളുടെ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു ജല അഥോറിറ്റിക്ക് കൈമാറിയിരുന്നു. പണികഴിഞ്ഞ് ജല അഥോറിറ്റി റോഡ് തിരിച്ച് കെആർഎഫ്ബിക്ക് കൈമാറാത്തതാണ് നിർമാണത്തിന് തടസം.
തിരിച്ചുകൈമാറണമെന്ന് ആവശ്യപ്പെട്ട് കെആർഎഫ്ബി കത്തുനൽകിയിട്ടുണ്ട്. ആറുകിലോമീറ്ററുള്ള പാത 20.55 കോടി രൂപയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് റോഡ് നവീകരിക്കാനാണ് ലക്ഷ്യമിട്ടത്.
പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഒന്നര വർഷത്തെ കാലാവധിയായിരുന്നു നൽകിയിരുന്നത്.
എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും റോഡ് നവീകരണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ആദ്യം റോഡ് നിർമാണ ചുമതലയേറ്റെടുത്ത കരാറുകാരനെ ഒഴിവാക്കിയിട്ടുണ്ട്.
ജല അഥോറിറ്റി റോഡ് കൈമാറിയിട്ടുവേണം വീണ്ടും ദർഘാസ് വിളിച്ച് റോഡുപണി പുനരാരംഭിക്കാനെന്നാണ് കെആർഎഫ്ബി അധികൃതർ പറയുന്നത്.
ഒന്നാംഘട്ട പണികൾ പൂർത്തിയായിട്ടുണ്ട്. റബറൈസ് ചെയ്യുന്ന പണികൾ നടന്നില്ല. ഒന്നാംഘട്ടം കഴിഞ്ഞ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ചെർപ്പുളശ്ശേരി-പെരിന്തൽമണ്ണ മേഖലകളിലേക്കുള്ള പ്രധാന പാതയാണിത്.
വീണ്ടും ദർഘാസ് വിളിച്ച് കരാറുകാരൻ പണി ഏറ്റെടുത്ത് പൂർത്തിയാകുമ്പോഴേക്കും റോഡുനവീകരണം ഏറെ വൈകുമെന്നതാണ് പ്രശ്നം.
പുതിയ ടെൻഡറിൽ സംരക്ഷണഭിത്തിയു അഴുക്കുചാലുകളും ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.