ആലത്തൂർ പ്രകൃതിപഠന കൗൺസിലിന്റെ "കാട്ടു'സഞ്ചാരം മൂന്നുപതിറ്റാണ്ട് പിന്നിടുന്നു
1485565
Monday, December 9, 2024 5:29 AM IST
ആലത്തൂർ: കാട് കാണാനിറങ്ങിയ ഒരുസംഘം ആളുകൾചേർന്ന് രൂപംനൽകിയ ആലത്തൂർ കേന്ദ്രമായുള്ള ഭാരത് സേവക് സമാജ് നേച്വർ സ്റ്റഡി ആൻഡ് പ്രൊട്ടക്്ഷഷൻ കൗൺസിൽ എന്ന സംഘടനയുടെ പ്രവർത്തകരുടെ വനങ്ങളിലൂടെയുള്ള പഠനയാത്ര മൂന്നുപതിറ്റാണ്ട് പിന്നിട്ടു.
എന്താണ് കാട് എന്താണ് പ്രകൃതി എന്താണ് പ്രകൃതിസംരക്ഷണം എന്നതിനെ കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകുകയാണ് സംഘടനയുടെ ലക്ഷ്യം. സംസ്ഥാനത്തെ ചെറുതും വലതുമായ 40 അണക്കെട്ടുകളൂം സന്ദർശിച്ചിട്ടുണ്ട്.
പറമ്പിക്കുളം, ശിരുവാണി, ഭവാനി, മുല്ലപ്പെരിയാർ എന്നിവയിലെ തർക്കങ്ങളെകുറിച്ചും അവിടങ്ങളിലെല്ലാം സന്ദർശിച്ച് പഠിച്ചിട്ടുണ്ട്. സൈലന്റ് വാലി, പാത്രക്കടവ്, അതിരപ്പള്ളി, പൂയംകുട്ടി പദ്ധതികളെ കുറിച്ചെല്ലാം കൗൺസിലിനു വ്യക്തമായ കാഴ്ചപാടുണ്ട്. അന്തർസംസ്ഥാന തർക്ക പ്രദേശമായ മംഗളാദേവിയിലും കാവേരി നദിയുടെ ഉത്ഭവമായ തലക്കാവേരിയും അവസാനിക്കുന്ന പിച്ചവാരവും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കേരളത്തോടു ചേർന്നുള്ള പശ്ചിമഘട്ട ഭാഗങ്ങളും കൗൺസിൽ പഠനസംഘം സന്ദർശിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പിലെ റിട്ടയേഡ് ഡപ്യൂട്ടി ഡയറക്ടർ ഡോ.പി. ജയദേവൻ- പ്രസിഡന്റ്, സാമൂഹ്യ പ്രവർത്തകൻ കെ. പഴനിമല- സെക്രട്ടറി എന്നിവരാണ് 147 അംഗങ്ങളുള്ള കൗൺസിലിന്റെ പ്രധാന ഭാരവാഹികൾ.