ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലെ മൂന്നാം ഊട്ടുതിരുനാളും മരിയൻ തീർഥാടനവും
1485563
Monday, December 9, 2024 5:29 AM IST
ജെല്ലിപ്പാറ: അമ്മയില്ലാത്തവർ അനാഥരാണെന്നും ദൈവമാതാവായ അമ്മയുള്ളപ്പോൾ നമ്മൾ അനാഥരല്ലെന്നും താവളം സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സോജി ഓലിക്കൽ.
ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലെ മാതാവിന്റെ മൂന്നാം ഊട്ടുതിരുനാളും മരിയർ തീർഥാടനവും അനുബന്ധിച്ച് നടത്തിയ തിരുനാൾ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു ഫാ. സോജി ഓലിക്കൽ.
തിരുനാളിന്റെ ഭാഗമായി ഇന്നലെ രാവിലെ എട്ടിന് താവളം ഫൊറോന പള്ളിയിൽ നിന്നും ആരംഭിച്ച മൂന്നാമത് മരിയൻ തീർഥാടന പദയാത്ര താവളം ഫൊറോന വികാരി ഫാ. ബിജു പ്ലാത്തോട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത് ജെല്ലിപ്പാറ ഇടവക വികാരി ഫാ. ജോൺ മരിയ വിയാനി ഒലക്കേങ്കിലിന് കൈമാറി. ജെല്ലിപ്പാറ ദേവാലയത്തിൽ ആഘോഷമായ പാട്ടു കുർബാന, ലദീഞ്ഞ്, പ്രദിക്ഷണം, ഊട്ടു നേർച്ച ഭക്ഷണ വെഞ്ചിരിപ്പ് എന്നിവയും മാതാവിന് മാല സമർപ്പണം, കിരീട സമർപ്പണം എന്നിവയുമുണ്ടായി.
ആഘോഷ പരിപാടികൾക്ക് വികാരി ഫാ. ജോൺ മരിയ വിയാനി ഒലക്കേങ്കിൽ, അസിസ്റ്റന്റ് വികാരി ഫാ. സൈമൺ കൊള്ളന്നൂർ, കൺവീനർ ജോർജ് പാപ്പനശ്ശേരി, കൈക്കാരന്മാരായ മത്തായി ഊടുപുഴയിൽ, ഷിബിൻ കുരുവിലാം കാട്ടിൽ എന്നിവർ നേതൃത്വം നൽകി.