ഉപയോഗശൂന്യമായ കുളങ്ങൾ സംരക്ഷിക്കാൻ പ്രത്യേക കർഷക പാക്കേജിനായി മുറവിളി
1485560
Monday, December 9, 2024 5:28 AM IST
ചിറ്റൂർ: ജില്ലയിലെ കിഴക്കൻ പ്രദേശത്തെ ഉപയോഗശൂന്യമായി വെള്ളം നിറക്കാനാവാതെയുള്ള എല്ലാ ജലസംഭരണകേന്ദ്രങ്ങളും ആഴപ്പെടുത്തി ജലസംഭരണം വർധിപ്പിക്കുന്നതിനുള്ള പാക്കേജ് കേന്ദ്ര- സംസ്ഥാന സർക്കാറുകളിലേക്ക് സമർപ്പിക്കണമെന്നു കർഷകരുടെ ആവശ്യം ശക്തമാകുന്നു.
മേഖലയിൽ ഒരോ പഞ്ചായത്തുകളിലും നൂറുക്കണക്കിനു സ്വകാര്യ, പൊതുകുളങ്ങളുണ്ട്. ഇതിൽ ഭൂരിപക്ഷവും കാടുകയറിയും ചെളിനിറഞ്ഞും വെള്ളം ശേഖരിക്കാനാകാത്ത അവസ്ഥയിലാണ്. പണ്ട് വലിയ ഭൂവുടമകളുടെ കൈയിലാണ് കുളങ്ങളുണ്ടായിരുന്നത്.
ഇന്ന് ഇതിന്റെ ഉടമസ്ഥാവകാശം ചെറുകിട നാമമാത്ര കർഷകരും അവരുടെ മക്കളുമാണ്. സാന്പത്തികശേഷിയുടെ കുറവ് കുളങ്ങൾ സംരക്ഷിക്കാൻ ഇവർക്കു വിനയാകുന്നുണ്ട്. ഡാമിൽനിന്നു കനാൽവഴി ലഭിക്കുന്നതും മഴവെള്ളവുമാണ് പ്രധാന ആശ്രയമാവുക. ഡാമുകളിൽ വെള്ളം കുറഞ്ഞാൽ കർഷകർ വെട്ടിലാകും.
കൃഷിനാശം ഒഴിവാക്കാനെങ്കിലും ഇറിഗേഷൻ വകുപ്പ്, ജനപ്രതിനിധികൾ മുൻകൈയെടുത്ത് പ്രത്യേക പാക്കേജിനായി സർക്കാരുകളെ സമീപിക്കണമെന്നാണ് ആവശ്യമുയരുന്നത്. കാടുമൂടി ഉപയോഗശൂന്യമായ കുളങ്ങൾ പലതും കാട്ടുപന്നികൾ താവളമാക്കിയതും വിനയായിട്ടുണ്ട്.