പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്നു 21 മുതൽ ടോൾ പിരിക്കുമെന്നു കരാർകമ്പനി
1485559
Monday, December 9, 2024 5:28 AM IST
വടക്കഞ്ചേരി: ഈ മാസം 20 നകം ബന്ധപ്പെട്ടവരുടെ യോഗംവിളിച്ച് ടോൾ വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ 21 മുതൽ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു.
യോഗം വിളിച്ച് തീരുമാനമുണ്ടാക്കാമെന്ന എംഎൽഎയുടെ ഉറപ്പിലാണ് അഞ്ചാംതീയതി മുതലുള്ള ടോൾ പിരിവ് മാറ്റിവച്ചതെന്നു ടോൾ മാനേജർ മുകുന്ദൻ പറഞ്ഞു. വിഷയം ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും പ്രശ്നങ്ങളിലൂടെ തീരുമാനത്തിലെത്തട്ടെ എന്ന നിലപാടാണ് കരാർ കമ്പനി എടുത്തിട്ടുള്ളത്.
യോഗം വിളിക്കേണ്ടത് എംഎൽഎയും മറ്റു ജനപ്രതിനിധികളുമാണ്. അവർക്ക് താത്പര്യമില്ലെങ്കിൽ ടോൾ പിരിവല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്ന നിലപാടിലാണ് കരാർ കമ്പനി. ട്രാക്കുകളിലൂടെ കടന്നുപോകുന്ന പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും ഫാസ്റ്റാടാഗ് വഴി ടോൾ വസൂലാക്കാനാണ് കരാർ കമ്പനിയുടെ നീക്കം.
പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ നീക്കമുണ്ടായപ്പോൾ രാഷ്ട്രീയപാർട്ടികളും നാട്ടുകാരും ശക്തമായ എതിർപ്പുകളും സമരങ്ങളും സംഘടിപ്പിച്ചാണ് ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്നും കരാർ കമ്പനിയെ കഴിഞ്ഞാഴ്ച വിലക്കിയത്.
ടോൾ പിരിക്കാൻ നീക്കമുണ്ടായാൽ ശക്തമായ സമര പരിപാടികൾക്കു തന്നെയാണ് രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും തയാറെടുക്കുന്നത്. അതേസമയം, പ്രദേശവാസികളുടെ ടോൾ വിഷയം അവസാനിപ്പിക്കാൻ എംഎൽഎ, എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കോ സംസ്ഥാന സർക്കാരിനോ താത്പര്യമില്ലെന്ന ആരോപണമാണ് ഉയരുന്നത്.
തൃശൂർ പാലിയേക്കരയിലേതു പോലെ പന്നിയങ്കരയിലെ ടോൾ പ്രശ്നത്തിനും പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സൗജന്യ പാസ് വിതരണം ചെയ്താണ് പാലിയേക്കരയിൽ പ്രദേശവാസികൾക്ക് പ്രവേശനം നൽകുന്നത്.
ഈ സൗജന്യം ഓരോ വർഷവും പുതുക്കി നൽകുകയാണ്. എന്നാൽ പന്നിയങ്കരയിൽ യാത്രാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളുണ്ടാകുമ്പോൾ അതിൽ ഇടപ്പെട്ട് പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാരും താത്പര്യം കാണിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുകളും ശക്തമാണ്.
നീട്ടിക്കൊണ്ടുപോയി വിഷയം ലൈവാക്കി നിർത്തുന്ന നയമാണ് ഭരണകക്ഷി പാർട്ടികളും സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും വെവേറെ സമരം ചെയ്ത് ഒടുവിൽ സിപിഎം സമരത്ോടെയാണ് ടോൾ പിരിവ് മാറ്റിവക്കൽ നാടകം നടക്കുന്നത്.
അഞ്ചാം തീയതിയും ഇതുതന്നെയാണ് സംഭവിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഒന്നിച്ചു ചേർന്ന് ടോൾ പിരിവിനെതിരെയുള്ള സമരങ്ങളും സംഘടിപ്പിക്കുന്നില്ല. ഒറ്റക്ക് സമരം ചെയ്ത് കരാർകമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി സമരം വിജയിച്ചെന്ന് പ്രഖ്യാപിച്ച് എല്ലാവരും മടങ്ങുകയാണ്.
2022 മാർച്ച് ഒമ്പതു മുതലാണ് പന്നിയങ്കരയിൽ മറ്റു വാഹനങ്ങളിൽ നിന്നും ടോൾ പിരിവ് തുടങ്ങിയത്. അന്നുമുതൽ തുടങ്ങിയതാണ് പ്രദേശവാസികളുടെ ടോൾ പ്രശ്നവും. പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന് വർഷത്തിൽ മൂന്നോ നാലോ തവണ കരാർകമ്പനി പറയും.
തുടർന്ന് സമരങ്ങൾ നടക്കും. തത്കാലത്തേക്ക് പിരിവ് മാറ്റി വച്ച് കരാർ കമ്പനിയും ഭീഷണികൾ തുടരുകയാണ്.