ഇരുനൂറുരൂപ ലഭിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് എൻസിആർപിഎസ്
1485558
Monday, December 9, 2024 5:28 AM IST
മണ്ണാർക്കാട്: പൊതുവിപണിയിൽ റബർവില കിലോഗ്രാമിനു 200 രൂപ ലഭിച്ചില്ലെങ്കിൽ 16 മുതൽ സമരം ശക്തമാക്കുമെന്ന് നാഷണൽ കൺസോർഷ്യം ഓഫ് റബർ പ്രൊഡ്യൂസേർസ് സൊസൈറ്റി ദേശീയ പ്രസിഡന്റ് ആന്റണി വേങ്ങപ്പള്ളി പറഞ്ഞു.
വിലയില്ലെങ്കിൽ റബറില്ല എന്ന മുദ്രാവാക്യവുമായി എൻസിആർപിഎസ് മണ്ണാർക്കാട് റീജണൽ നടത്തിയ റബർ കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബർ കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടുക, റബറിന്റെ തറവില 250 രൂപയാക്കുമെന്ന പ്രകടനപത്രികയിൽ നിർദേശം നടപ്പാക്കുക, റബർബോർഡിൽനിന്ന് ലഭിക്കേണ്ട സഹായം യഥാസമയം ലഭ്യമാക്കണമെന്നും കർഷകസംഗമം ആവശ്യപ്പെട്ടു.
മണ്ണാർക്കാട് റീജിയണൽ പ്രസിഡന്റ് ടി.കെ. മുഹമ്മദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എബ്രഹാം വർഗീസ്, ട്രഷറർ ബാബു എളവമ്പാടം, തൃശൂർ റീജണൽ പ്രസിഡന്റ് വർഗീസ് ജോർജ്, അമ്പലപ്പാറ റീജണൽ പ്രസിഡന്റ് തങ്കച്ചൻ തുണ്ടത്തിൽ, ഗോപാലകൃഷ്ണൻ തച്ചനാട്ടുകര എന്നിവർ പ്രസംഗിച്ചു.