വടക്കഞ്ചേരിയിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗതീരുമാനങ്ങൾ നടപ്പിലാക്കുന്നില്ല
1485557
Monday, December 9, 2024 5:28 AM IST
വടക്കഞ്ചേരി: കുത്തഴിഞ്ഞു കിടക്കുന്ന വടക്കഞ്ചേരി ടൗണിലെ ട്രാഫിക് സംവിധാനം ഡിസംബർ മുതൽ ഘട്ടം ഘട്ടമായി ശരിയാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും നടപടികളിലേക്കു കടക്കുന്നില്ല.
കഴിഞ്ഞമാസം 22നാണ് ട്രാഫിക് സംവിധാനത്തിൽ വടക്കഞ്ചേരി ടൗണിനെ മോഡലാക്കി മാറ്റാൻ പി.പി. സുമോദ് എംഎൽഎയുടെ സാന്നിധ്യത്തിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നത്.
തീരുമാനങ്ങൾ ഉടൻ നടപ്പിലാക്കി തുടങ്ങും എന്നായിരുന്നു യോഗത്തിലെ ഉറപ്പ്. എന്നാൽ യോഗം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും നടപ്പിലാക്കാൻ അനായാസം കഴിയുന്ന വിഷയങ്ങളിൽ പോലും ഇപ്പോഴും ഇടപെടലുകളില്ല.
അന്നത്തെ 13 തീരുമാനങ്ങളിൽ ഏറ്റവും വേഗത്തിൽ നടപ്പിലാക്കാവുന്ന ഒന്നായിരുന്നു ടൗണിൽ കിഴക്കഞ്ചേരി റോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രം പ്രയോജനപ്പെടുത്തണമെന്നത്. എന്നാൽ ഇതുപോലും നടപ്പിലാക്കുന്നില്ല.
ബസുകൾ ഇപ്പോഴും നന്നേ വീതി കുറഞ്ഞ തിരക്കേറിയ സ്ഥലത്ത് നിർത്തിയിട്ടാണ് യാത്രക്കാരെ കയറ്റുന്നത്. ഇതു മൂലം ഇവിടെ ഗതാഗതകുരുക്കും രൂക്ഷമാണ്. ഇവിടെ നിന്നും 30 മീറ്റർ മാത്രം മുന്നോട്ട് നീക്കി നിർത്തിയാൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലാകും.
അവിടെ വീതി കൂടുതലുള്ള സ്ഥലവുമാണ്. കുറച്ചു സമയം ബസ് നിർത്തിയിട്ടാൽ തന്നെ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ അവിടെ ഇടമുണ്ട്. എന്നാൽ അത് ചെയ്യുന്നില്ല.
തിരക്കുകൾക്കിടയിൽ ബസ് നിർത്തിയിട്ടാൽ പിഴ ചുമത്തുമെന്നൊക്കെയായിരുന്നു യോഗത്തിൽ അധികാരികൾ പറഞ്ഞത്. എല്ലാം ഇപ്പോൾ നടപ്പിലാകുമെന്ന് യോഗത്തിൽ പങ്കെടുത്തവരും വിശ്വസിച്ചു.മുൻ മന്ത്രിയും സ്ഥലം എംഎൽഎയുമായിരുന്ന എ.കെ. ബാലന്റെ 2019 - 2020 വർഷത്തെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിനോടാണ് ഈ അവഗണന.
ബസുകൾക്ക് ടൗണിൽ എവിടെയെല്ലാം സ്റ്റോപ്പ് വേണം എന്നതിനു പോലും രാഷ്ട്രീയ നിറമുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ചിലരുടെ താൽപര്യങ്ങൾക്ക് അനുസൃതമായാണ് ബസുകൾക്ക് ടൗണിൽ സ്റ്റോപ്പ്.
ട്രാഫിക് റഗുലേറ്ററി കമ്മിറ്റി സ്ക്വാഡ് രൂപീകരണവുമായി ബന്ധപ്പെട്ട യോഗം ഇന്നുചേരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വൈകീട്ട് മൂന്നിന് പഞ്ചായത്ത് ഹാളിലാണ് യോഗം.