തീരാമുറിവായി നായാടി സമുദായ സ്ത്രീകളുടെ ഭിക്ഷാടനം
1485555
Monday, December 9, 2024 5:28 AM IST
എം.വി. വസന്ത്
പാലക്കാട്: ലോകത്തിന്റെ കോലം മാറിയെങ്കിലും നൂറ്റാണ്ടുകാലത്തോളം മാറാത്ത ജനവിഭാഗമായി ഇന്നും സമൂഹമധ്യത്തിൽ ജീവിതം ആടിത്തീർക്കുകയാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട നായാടികൾ. പാലക്കാടിന്റെ നഗരവീഥികളിലും ഗ്രാമീണവഴികളിലുമെല്ലാം ഇവരെ കാണാം.
കാലാകാലങ്ങളായി ഭിക്ഷാടനം നടത്തി ഉപജീവനം നടത്തി ജീവിക്കുന്നവരാണ് നായാടി സമൂഹം. പുരുഷജനത നാമമാത്രമായി മറ്റു വഴികളിലേക്കു തിരിഞ്ഞെങ്കിലും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ് ഇവർക്കിടയിലെ സ്ത്രീകൾ. ചില ഒറ്റപ്പെട്ട ജീവിത രക്ഷപ്പെടലുകൾ മാത്രമാണ് നായാടി കുടുംബങ്ങളിൽ സ്വതന്ത്രാനന്തര കാലയളവിലും ദൃശ്യമായിട്ടുള്ളത്.
സ്ത്രീസുരക്ഷയ്ക്കും സമത്വത്തിനും വളക്കൂറുള്ള മണ്ണായിട്ടും നായാടി സ്ത്രീകൾ ഇന്നും നായാടി സ്ത്രീകൾ തന്നെ,- ഭൂരിപക്ഷവും ഭിക്ഷാടകർ. ജീവിതം ഇഴചേർക്കാനായി പെടാപ്പാടുപെടുന്നവർ.
നൂറ്റാണ്ടുകൾക്കുമുന്പ് അയിത്തത്തിന്റെ പേരിൽ എഴുപതടി അകലെ നിർത്തിയിരുന്ന ഈ സമൂഹത്തെ ഇന്നും അകറ്റി നിർത്തപ്പെടുന്നതിന്റെ തെളിവാണ് ഇവരുടെ ഭിക്ഷാടനം.
പരിഷ്കൃത ലോകത്തിൽനിന്നും അകലങ്ങളിലേക്കു സഞ്ചരിക്കുകയാണിവർ. അയിത്തത്തിന്റെ മുറിപ്പാടുകൾ ഇന്നും ഇവരിൽ അവശേഷിക്കുന്നു. അതു തന്നെയാണ് നാട്ടിലെ ആസ്ഥാന ഭിക്ഷാടകരായി ഇവർ തുടരുന്നതിലെ മനഃശാസ്ത്രം. മനുഷ്യാവകാശം കൊട്ടിഘോഷിക്കുന്ന സമൂഹ മനഃസാക്ഷിക്കുന്നു മുന്നിൽ അയിത്തത്തിന്റെ അഴിയാക്കുരുക്കാണ് നായാടികൾ. ആധുനിക കാലത്തും എലിയെ ഭക്ഷിക്കുന്നവർ..!
കുലത്തൊഴിലൊന്നുമല്ല
സംസ്ഥാനത്തിന്റെ പട്ടികജാതി ലിസ്റ്റിലാണ് ഇവരുടെ സ്ഥാനം. പ്രഖ്യാപിത കുലത്തൊഴിൽ അല്ലെങ്കിലും ഇവരിൽ നല്ലൊരു ശതമാനവും ഭിക്ഷാടകരാണ്. പ്രത്യേകിച്ച് സ്ത്രീകൾ. പുതുതലമുറ തൊഴിലുറപ്പു പണിയ്ക്കും മറ്റും പോയിത്തുടങ്ങിയെങ്കിലും പരിപൂർണമായി മാറ്റമുണ്ടായിട്ടില്ല. പല കോളനികളിലും പഴയ തലമുറക്കാർ മാത്രമാണ് ഭിക്ഷാടത്തിൽ സജീവമായിട്ടുള്ളത്. മുഷിഞ്ഞ വസ്ത്രവും നീളൻ തുണിസഞ്ചിയും വടിയുമായി വീടുകൾക്കു മുന്നിൽ കൈനീട്ടി നിൽക്കുന്ന നായാടി സ്ത്രീകൾ സമൂഹത്തിലിന്നും ദുരന്തക്കാഴ്ചയാണ്. നൂറ്റാണ്ടുകാലത്തോളമായി തുടർന്നുവരുന്ന ഭിക്ഷാടനം ഇവരെ എങ്ങുമെത്തിച്ചില്ല.
ഭിക്ഷാടനം തുടരണോ...?
ജീവിതത്തിൽ പലപ്പോഴായി നിസഹായതയുടെ അതിർവരന്പു കണ്ടവരായ നായാടി കുടുംബങ്ങളുടെ അവസാന അത്താണിയാണ് ഭിക്ഷാടനം. അന്നന്നത്തെ അന്നം തന്നെയാണ് പ്രധാനം. ഭിക്ഷാടനം ഒരു തൊഴിലായി സർക്കാർ അംഗീകരിച്ചിട്ടില്ല.
ഇതൊരു തൊഴിലല്ലെങ്കിൽ നായാടി സ്ത്രീകളെ അതിൽനിന്നും പിന്തിരിപ്പിക്കേണ്ടതു ഓരോ ഭരണകൂടത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും ബാധ്യതയാണ്. ഭിക്ഷാടന നിരോധന നിയമങ്ങൾ സർക്കാർ കൃത്യമായി നടപ്പിലാക്കിയാൽ നായാടികൾ എന്തുചെയ്യുമെന്നാണു മറ്റൊരു ചോദ്യചിഹ്നം.
കോടികൾ മുതൽമുടക്കിയുള്ള പദ്ധതികളല്ല ഇവർക്കാവശ്യം. മാനസിക, വിദ്യാഭ്യാസ തലത്തിലുള്ള ഉന്നമനത്തിലൂടെ മാത്രമേ നായാടികളുടെ സ്ഥായിയായ വികസനം യാഥാർഥ്യമാകൂ. അവരുടെ മനസിൽ ഇന്നും അവർ മൃഗങ്ങളെ വേട്ടയാടി തിന്നുന്ന അപരിഷ്കൃതരാണ്. വീടുകൾ തോറും നടന്നുനീങ്ങി ഭിക്ഷതെണ്ടുന്നവരാണ്. ആദ്യം വികസിപ്പിക്കേണ്ടതു ഇവരുടെ മനസാണ്. പിന്നീട് വിദ്യാഭ്യാസ ചിന്തകളും.
വെല്ലുവിളിക്കണം, മനഃസാക്ഷിയെ
ലോകമാതൃകയായി പലപ്പോഴും വിലയിരുത്തപ്പെടുന്ന കേരള സ്ത്രീമുന്നേറ്റത്തിനു മുന്നിൽ കടുത്ത വെല്ലുവിളി തന്നെയാണ് നായാടി സ്ത്രീകളുടെ ഭിക്ഷാടനം. ഭിക്ഷാടനത്തിൽനിന്നും നായാടി സ്ത്രീകൾ പിൻതിരിയണമെങ്കിൽ അവർ തന്നെ മനസുവയ്ക്കണം.
സമുദായത്തിലെ എല്ലാവരും ഭിക്ഷാടനത്തെ എതിർക്കുകയും പിന്തിരിപ്പിക്കുകയും വേണം. സമൂലമായ മുന്നേറ്റം സമുദായത്തിൽ നിന്നു തന്നെ തുടങ്ങണം. ഇതിനെല്ലാം തുണയായി സർക്കാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരുമെല്ലാം ഒന്നിച്ചുനിൽക്കണം. അയിത്തത്തിന്റെ വിട്ടൊഴിയാത്ത അഴിയാക്കുരുക്കിൽ തന്നെയാണ് ഇപ്പോഴും നായാടി സമൂഹം. അവരെ മുഖ്യധാരയിലെത്തിക്കുക എന്ന ബാധ്യത തീർച്ചയായും സർക്കാരിനും പൊതുസമൂഹത്തിനുമുണ്ട്.
മനുഷ്യാവകാശ ലംഘനമോ..?
സ്ത്രീകളുടെ സുരക്ഷയ്ക്കും സമത്വത്തിനും ഏറെ പ്രാധാന്യം നല്കിയ ഭരണഘടനാണ് നമ്മുടേത്. ഭരണഘടന നിർമാണത്തിനിപ്പുറം കാലാനൂസൃത മാറ്റങ്ങളും ഒട്ടേറെ സുരക്ഷാ നിയമങ്ങളും സ്ത്രീസൗഹൃദ പരിരക്ഷയും ഉറപ്പുവരുത്തിയാണ് രാജ്യം മുന്നേറുന്നത്.
എന്നിട്ടും നായാടി സ്ത്രീകൾ ഭിക്ഷാടനവുമായി നമ്മുടെ വീട്ടുമ്മറത്തുണ്ട്. എല്ലാ നിയമവ്യവസ്ഥകൾ അനുകൂലമായിട്ടും നായാടികൾ ഇന്നും അപരിഷ്കൃത സമൂഹവും ഭിക്ഷാടകരുമായി ഒതുങ്ങുകയാണ്. അയിത്തത്തിന്റെ കാണാമുറിവുകളും ഭിക്ഷാടനമെന്ന ജീവിത നിയോഗവും ഇവരുടെ മനസിനെ വേട്ടയാടി കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.
ഒരുകാര്യം പുതുതലമുറ ഓർത്തിരിക്കണം, നായാടി സ്ത്രീകളും പുതുതലമുറയും ഭിക്ഷാടകരായി ജീവിക്കേണ്ടവരല്ല. സമത്വമെന്ന മനുഷ്യാവകാശത്തിനു അവരുടെ അർഹരാണ്. മനസുവയ്ക്കേണ്ടതു നമ്മളാണ്, ഭിക്ഷാടനത്തിൽനിന്നും പിന്തിരിപ്പിക്കാനും സമത്വം നേടിയെടുക്കാനും.