തിരുവിഴാംകുന്നിൽ പേപ്പട്ടി ആക്രമണം: രണ്ടുപേർക്കു പരിക്ക്
1485061
Saturday, December 7, 2024 4:39 AM IST
കോട്ടോപ്പാടം: മണ്ണാർക്കാട് തിരുവിഴാംകുന്ന് കരടിയോട്ടിൽ പേപ്പട്ടി ആക്രമണം. രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളെ പേപ്പട്ടി കടിച്ചും മറ്റൊരാൾ പേപ്പട്ടിയെ കണ്ടു ഓടി വീണുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം.
റോഡിലൂടെ നടന്നു പോവുകയായിരുന്ന പുളിയക്കോടൻ അലിയെയാണ് പേപ്പട്ടി കടിച്ച് പരിക്കേൽപ്പിച്ചത്. അലി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കരടിയോട് പലചരക്ക് കട നടത്തുന്ന കപ്പിലുമാക്കിൽ ഉലഹന്നാനാണ് പേപ്പട്ടിയെ കണ്ടു ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റത്. കാലിനും കൈയി ലും പരിക്കേറ്റ ഉലഹന്നാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരിക്കാലിക്കൽ ബഷീറിന്റെ രണ്ടു കോഴികളെ പേപ്പട്ടി കടിച്ചു കൊന്നു. കൂടാതെ നിരവധി പേരുടെ നായ്ക്കളെയും പേപ്പട്ടി കടിച്ചതായി നാട്ടുകാർ പറഞ്ഞു. നായ്ക്കളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.