വനിതാകൃഷി കൂട്ടായ്മകൾക്കു ഫലവൃക്ഷത്തൈ വിതരണം
1485060
Saturday, December 7, 2024 4:39 AM IST
നെന്മാറ: ആത്മ പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ ഗ്രൂപ്പ് പദ്ധതിയിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. നെന്മാറ കൃഷിഭവൻ പരിധിയിലെ നവനീത കർഷക കൂട്ടായ്മയിലെ പട്ടികജാതി വനിത കർഷകർക്കാണ് സൗജന്യമായി ഫലവൃക്ഷ തൈകൾ വിതരണം നടത്തിയത്.
അത്യുത്പാദനശേഷിയുള്ള പേര, പ്ലാവ്, മാവ്, ചെറുനാരകം, പാഷൻ ഫ്രൂട്ട്, ടിഷ്യൂ കൾച്ചർ വഴ എന്നിവയുടെ തൈകളും കൃഷി ചെയ്യാനാവശ്യമായ ജൈവവളങ്ങളും പച്ചക്കറി വിത്തുകളുമാണ് വിതരണം നടത്തിയത്. ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുക കുറഞ്ഞ സ്ഥലത്ത് നിന്നും പരമാവധി ഉത്പാദനം വർധിപ്പിച്ച് വരുമാനം ഉറപ്പാക്കുക. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക. എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. തൈകളുടെ വിതരണോദ്ഘടാനം നെന്മാറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് എസ്. കൃഷ്ണ നിർവഹിച്ചു. കൃഷി ഓഫീസർ വി അരുണിമ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ്, ബ്ലോക്ക് ടെക്നോളജി മാനേജർ അനസൂയ സെബാസ്റ്റ്യൻ, കൃഷി അസിസ്റ്റന്റുമാരായ വി. ലിഗിത, കെ. സുനിത എന്നിവർ പങ്കെടുത്തു.