പരീക്ഷകളിലെ ഫുൾ എപ്ലസ് എന്നതിനപ്പുറം കുട്ടികളുടെ പഠനപുസ്തകം ജീവിതമാകണം: മന്ത്രി കെ. രാജൻ
1485059
Saturday, December 7, 2024 4:39 AM IST
വടക്കഞ്ചേരി: പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടുന്നതിനപ്പുറം കുട്ടികളെ ജീവിതം പാഠപുസ്തകമായി പഠിപ്പിക്കണമെന്ന് റവന്യു വകുപ്പു മന്ത്രി കെ. രാജൻ. വടക്കഞ്ചേരിയിൽ സിഗ്നേച്ചർ കൂട്ടായ്മയുടെ ആദരണീയം പുരസ്കാര സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മറ്റു വിവേചനങ്ങൾ മാറ്റിവച്ച് മനുഷ്യൻ എന്ന സന്ദേശം നൽകാൻ കഴിയുന്നതാണ് ആദരണീയം പരിപാടി.
മലയാളിയുടെ മനസ് മരവിച്ചിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു വയനാട് ദുരന്തത്തിൽ നമ്മൾ കണ്ട മനുഷ്യമനസുകളുടെ കൂട്ടിപ്പിടുത്തം.
മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന പരിപാടികൾക്ക് മുൻഗണന നൽകണമെന്ന് മന്ത്രി പറഞ്ഞു. ഭൂമിക്ക് താങ്ങാൻ കഴിയാത്ത പ്ലാസ്റ്റിക്കുകൾ ഒഴിവാക്കണമെന്നും മന്ത്രിയെ സ്വാഗതം ചെയ്ത് സ്വീകരിച്ചപ്പോൾ നൽകിയ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബൊക്കെ ചൂണ്ടിക്കാട്ടി അദേഹം ഓർമപ്പെടുത്തി. സിഗ്നേച്ചർ കൂട്ടായ്മ ചെയർമാൻ ടി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പി.പി. സുമോദ് എംഎൽഎ മുഖ്യാതിഥിയായിരുന്നു.
മുൻമന്ത്രിമാരായ കെ.ഇ. ഇസ്മയിൽ, കബീർ മാസ്റ്റർ, മുൻ എംഎൽഎ സി.ടി. കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, മുൻ പ്രസിഡന്റ് പി. ഗംഗാധരൻ, റെജി കെ. മാത്യു, കെ. എം. ജലീൽ, തെന്നിലാപുരം വാസുദേവൻ, സുരേഷ് കുമാർ, പി. കെ. ഗുരു, പ്രഫ. വാസുദേവൻ പിള്ള, ജീജോ അറയ്ക്കൽ, കോ - ഓർഡിനേറ്റർ സി. കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
മുൻ എംപി വി.എസ്. വിജയരാഘവൻ, മുൻ എംഎൽഎ സി. കെ. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ കെ.ഇ. ഹനീഫ തുടങ്ങി സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര തെളിയിച്ച 49 പേരെ കർമശ്രേഷ്ഠ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.