കാട്ടാനഭീതി ഒഴിയാതെ നെന്മാറ പഞ്ചായത്ത് മലയോരമേഖല
1485056
Saturday, December 7, 2024 4:39 AM IST
നെന്മാറ: നെന്മാറ പഞ്ചായത്തിലെ കണ്ണോട് പ്രദേശത്ത് വീട്ടുവളപ്പുകളിൽ കാട്ടാനയിറങ്ങി കൃഷിനാശം വരുത്തി. കഴിഞ്ഞദിവസം രാത്രിയാണ് തെങ്ങ്, വാഴ, സൗരോർജ വേലി എന്നിവ വ്യാപകമായി നാശം വരുത്തിയത്. കണ്ണോട് പിഷാരത്ത് ആർ.പി. പ്രസാദിന്റെ 8 തെങ്ങ്, 18 വാഴകൾ, സൗരോർജവേലിയുടെ കാലുകൾ കമ്പികൾ തുടങ്ങി വ്യാപക നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വീടിന് 10 മീറ്റർ അടുത്തുള്ള വാഴകൾ വരെ നശിപ്പിച്ചിട്ടുണ്ട്. സമീപ കർഷകരായ ഗോപാലകൃഷ്ണൻ മച്ചത്ത്, പുളിക്കൽ ഉഷ സേതു, മച്ചത്ത് മോഹനൻ എന്നിവരുടെ കൃഷിയിടങ്ങളിലും കാട്ടാന നടന്ന് നാശം വരുത്തി. രാവിലെയാണ് കൃഷിയിടത്തിൽ കാട്ടാന ഇറങ്ങി നാശം വരുത്തിയത് വീട്ടുകാരും പ്രദേശവാസികളും അറിയുന്നത്.
നെന്മാറ, ആതവനാട് കുന്നിന്റെ കണ്ണോട് ഭാഗത്തെ ചെരുവിലെ റബർ തോട്ടങ്ങളിലൂടെ എലവഞ്ചേരി ബ്രാഞ്ച് കനാലും റോഡും മറികടന്നാണ് താഴ്ഭാഗത്തെ കൃഷിയിടങ്ങളിൽ എത്തിയത്. വനമേഖലയോട് ചേർന്നുള്ള വനംവകുപ്പിന്റെ സൗരോർജ്ജ വേലിയും കനാലും റോഡും മറികടന്ന് കാട്ടാന ജനവാസ മേഖലയിൽ എത്തിയതോടെ പ്രദേശവാസികൾ ഭീതിയിലായി.
കഴിഞ്ഞ ഒരാഴ്ചയോളമായി മേഖലയിലെ കച്ചേരിപാടം, അള്ളിച്ചുവട്, കണ്ണോട്, എലന്തം കുളമ്പ് ഭാഗങ്ങളിൽ കാട്ടാന വിവിധ കൃഷിയിടങ്ങളിലും വീട്ടുവളപ്പിൽ ഇറങ്ങി നാശം തുടരുന്നത്.
വനം ജീവനക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് ഉച്ചയോടെ പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുദീപ് സ്ഥലത്തെത്തി പരിശോധന നടത്തി. ആനയെ പടക്കം പൊട്ടിച്ചോ മറ്റേതെങ്കിലും മാർഗത്തിലൂടെ ഉൾക്കാട്ടിലേക്ക് കയറ്റി വിടണം എന്ന് പ്രദേശവാസികൾ വനംജീവനക്കാരോട് ആവശ്യപ്പെട്ടു. പ്രദേശത്തെ വനമേഖലയോട് ചേർന്ന് വനം വകുപ്പിന്റെ വൈദ്യുതവേലി പ്രവർത്തിക്കുന്നുണ്ടെന്നും സെക്ഷൻ ഫോറസ്റ്റർ അവകാശപ്പെട്ടു. രാത്രി സമയങ്ങളിൽ കാട്ടാന ഭീതിയുള്ള മേഖലയിൽ പട്രോളിംഗ് നടത്തുമെന്നും അറിയിച്ചു.
നെന്മാറ പഞ്ചായത്തിലെ കാർഷിക ജനവാസമേഖലയിൽ തുടർച്ചയായി കാട്ടാന ഇറങ്ങി നാശം വരുത്തുന്നതിൽ പ്രദേശവാസികളുടെ ഭീതി അകറ്റുന്നതിനും പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച രണ്ടുമണിക്ക് നെന്മാറ പഞ്ചായത്ത് ഓഫീസിൽ വനം, പഞ്ചായത്ത്, ജനപ്രതിനിധികൾ, കർഷകപ്രതിനിധികൾ തുടങ്ങി പ്രദേശവാസികളുടെ യോഗം വനം വകുപ്പിന്റെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയിട്ടുണ്ട്.