സർക്കാർ-സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഒന്നിച്ചു; രക്ഷിച്ചതു രണ്ടു ജീവനുകൾ
1485054
Saturday, December 7, 2024 4:39 AM IST
മണ്ണാർക്കാട്: അടിയന്തരഘട്ടത്തിൽ പരസ്പരം സഹകരിച്ച് സർക്കാർ - സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ. മാതൃകയാർന്ന പ്രവർത്തനത്തിലൂടെ രക്ഷപ്പെട്ടത് രണ്ടു ജീവനുകൾ. ചികിത്സാരംഗത്ത് സർക്കാർ, സ്വകാര്യ മേഖലകൾ പരസ്പരം മത്സരിക്കുന്നു എന്ന ചിന്ത പൊതു സമൂഹത്തിൽ നിലനിൽക്കുമ്പോഴാണ് മണ്ണാർക്കാട് സർക്കാർ ഡോക്ടറുടെ മനസാന്നിധ്യവും സ്വകാര്യ ആശുപത്രി ഡോക്ടറുടെ അനുഭവസമ്പത്തും കൈകോർത്ത് രണ്ട് ജീവനുകളെ തിരികെ പിടിച്ചത്. സംഭവം നടന്നത് ഇങ്ങനെ. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി കഴിഞ്ഞ ദിവസം തെങ്കര ചിറപ്പാടം സ്വദേശിനിയായ 23 കാരി എത്തി. ലേബർ റൂമിൽ കയറ്റിയ യുവതിക്ക് സിസേറിയൻ വേണ്ട സാഹചര്യമുണ്ടാകുന്നു.
താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോ. കലയുടെ നേതൃത്വത്തിൽ സിസേറിയൻ തുടങ്ങുന്നു. പെട്ടെന്ന് പ്രതീക്ഷിക്കാത്ത രീതിയിൽ യുവതിയുടെ നില അപകടകരമായ രീതിയിൽ വഷളായി. അമ്മയുടെയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാകുന്ന നിലവരുന്നു. എന്നാൽ മനസാന്നിധ്യം കൈവിടാതെ ഡോ. കല പെട്ടെന്ന് ഈ രംഗത്ത് ഏറെ അനുഭവസമ്പത്തുള്ള ന്യൂ അൽമ ആശുപത്രി എംഡി കൂടിയായ ഡോ. കെ.എ. കമ്മപ്പയെ ഫോണിൽ വിളിച്ചു. സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ഡോ. കമ്മപ്പ തന്റെ ആശുപത്രിയിലെ തിരക്കുകൾ മാറ്റി വച്ച് രണ്ടു സഹപ്രവർത്തകരെയുംകൂട്ടി താലൂക്ക് ആശുപത്രിയിലെത്തി.
താലൂക്ക് ആശുപത്രിയിലെ ലേബർ റൂമിൽ എത്തിയ ഡോ. കമ്മപ്പ ഡോ. കലയോടൊപ്പം രക്ഷാദൗത്യം തുടങ്ങി. ഡോക്ടർമാരുടെ പരിശ്രമത്തോടൊപ്പം ഈശ്വരാനുഗ്രഹവും ചേർന്നതോടെ സിസേറിയൻ വിജയകരമായി പൂർത്തിയാക്കാനായി. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു.
നഷ്ടപ്പെട്ടു എന്നു കരുതിയിടത്തുനിന്ന് രണ്ടു ജീവനുകൾ തിരിച്ചുപിടിച്ച ചാരിതാർഥ്യത്തോടെ ലേബർ റൂമിൽനിന്നും പുറത്തേക്കിറങ്ങിയ ഡോ. കമ്മപ്പയുടെ അനുഭവസമ്പത്തിനു നന്ദി പറഞ്ഞ് താലൂക്ക് ആശുപത്രിയിലെ ഡോ. കലയും സഹപ്രവർത്തകരും. അതേസമയം നിർണായകഘട്ടത്തിലും മനസാനിധ്യം കൈവിടാതെ പ്രവർത്തിച്ച ഡോ. കലയുടെ ഇടപെടലിനെ ഡോ. കമ്മപ്പയും അഭിന ന്ദിച്ചു.
സാധാരണ ഇത്തരം ഘട്ടങ്ങളിൽ ജില്ലാ ആശുപത്രികളിലേക്കു റഫർ ചെയ്യുകയാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ചെയ്യാറുള്ളത്. ഇങ്ങനെയാണ് അപകടങ്ങൾ സംഭവിക്കുന്നത്.
ഇതിനു മുതിരാതെ അവസരോചിതമായി കാര്യങ്ങൾ കൈകാര്യം ചെയ്തതാണ് ഡോ. കലയുടെ മിടുക്ക്.