കൃഷിയിടങ്ങളിലെത്തുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ വീണ്ടും നടപടി
1485053
Saturday, December 7, 2024 4:39 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്ന് നശിപ്പിക്കുന്നതിനായി പഞ്ചായത്തിലെ ജനജാഗ്രത സമിതി പാനലിന് രൂപം നൽകി. ലൈസൻസുള്ള പഞ്ചായത്തിലെ പട്ടേംപാടം ബെന്നി പോൾ പുതുശേരി ഉൾപ്പെടുന്നതാണ് പാനൽ.
സ്ഥിരമായി കാട്ടുപന്നി ശല്യമുള്ള കർഷകർ ബെന്നി പോളിനെയോ അതാത് വാർഡ് മെംബറെയോ കൺവീനറെയോ അറിയിച്ചാൽ സ്ഥലത്തെത്തി പന്നിയെ വെടിവച്ച് നശിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ പത്രക്കുറിപ്പിൽ അറിയിച്ചു.
കൃഷിയിടത്തിലെ സ്ഥിരം ശല്യക്കാരാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാമെന്ന സർക്കാർ ഉത്തരവിന്മേൽ ആദ്യമായി കാട്ടുപന്നിക്കു നേരെ വെടിയുതിർത്തതും ബെന്നി പോളായിരുന്നു. 2021 സെപ്റ്റംബർ ഏഴിനായിരുന്നു നെന്മാറ ഡിഎഫ്ഒക്കു കീഴിൽ ആദ്യമായി പന്നിയെ വെടിവച്ച് കൊന്ന് ബെന്നി പോൾ കർഷകർക്കിടയിലെ ഹീറോ ആയത്.
പനംകുറ്റി കരോട്ടുകുടി ലീലയുടെ വീട്ടുവളപ്പിലെ കുടിവെള്ള കിണറ്റിൽ വീണ 80 കിലോ തൂക്കമുണ്ടായിരുന്ന വലിയ ആൺപന്നിയെയാണ് തോക്കു ലൈസൻസുള്ള ബെന്നി പോൾ അന്ന് വകവരുത്തിയത്. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് നശിപ്പിക്കുന്നത് മൂന്ന് വർഷം മുമ്പ് ആരംഭിച്ചിരുന്നെങ്കിലും പിന്നീടത് നിലച്ച മട്ടിലായിരുന്നു.
വെടിവച്ച് കൊല്ലുന്നതിലെ മാനദണ്ഡങ്ങളും പണചെലവുമാണ് ദൗത്യം പുറകോട്ടടിച്ചത്. ഇതെല്ലാം പരിഹരിക്കും വിധമാകും തുടർനടപടികൾ. അതല്ലെങ്കിൽ ദൗത്യം വീണ്ടും നിലക്കും. ഷൂട്ടർ ബെന്നി പോളിന്റെ ഫോൺ - 9744793215, കൺവീനർ പോപ്പി ജോൺ 9447620137.