കാർഷിക സെൻസസിന്റെ രണ്ടും മൂന്നും ഘട്ട വിവരശേഖരണം തുടങ്ങി
1485050
Saturday, December 7, 2024 4:39 AM IST
പാലക്കാട്: ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ ഭക്ഷ്യ കാർഷിക സംഘടന ലോകവ്യാപകമായി കാർഷിക സെൻസസ് നടത്തുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അഞ്ചു വർഷത്തിലൊരിക്കൽ നടത്തുന്ന കാർഷിക സെൻസസിന്റെ ഭാഗമായാണിത്. കേരളത്തിൽ കാർഷിക സെൻസസിന്റെ നടത്തിപ്പു ചുമതല സാന്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ്.
കാർഷിക സെൻസസിന്റെ പ്രവർത്തനങ്ങൾ മൂന്നു ഘട്ടങ്ങളായാണ് നടക്കുന്നത്. വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമൂഹ്യ സാന്പത്തിക നയരൂപീകരണത്തിനും കാർഷിക സെൻസസ് വഴി ലഭ്യമാകുന്ന വിവരങ്ങൾ സർക്കാർ ഉപയോഗപ്പെടുത്തുന്നു.
ഭൂവുടമകളുടെ അല്ലെങ്കിൽ കർഷകരുടെ എണ്ണം, ഭൂവിസ്തൃതി, ഭൂവിനിയോഗം, കൃഷിരീതി, ജലസേചന മാർഗം, വളം, കീടനാശിനി, കാർഷിക ഉപകരണങ്ങൾ തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാർഷിക മേഖലയുടെ ഘടനയും സവിശേഷതകളും വിവരിക്കുന്നു. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനു വേണ്ടിയുളള നയങ്ങളുടെയും പദ്ധതികളുടെയും രൂപീകരണത്തിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് കാർഷിക സെൻസസിന്റെ പ്രധാന ലക്ഷ്യം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ ഭൂവുടമസ്ഥരുടേയും കൈവശാനുഭവ ഭൂമികളുടെ എണ്ണവും, വിസ്തൃതി, സാമൂഹ്യവിഭാഗം, ജെൻഡർ, ഭൂവുടമസ്ഥത, ഭൂമിയുടെ തരം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ശേഖരിക്കുക എന്നതാണ് സെൻസസിന്റെ ഒന്നാം ഘട്ടമായി ശേഖരിക്കുന്നത്. ഇത് പൂർത്തിയാക്കി.
ഒന്നാംഘട്ട വിവരശേഖരണം നടത്തി തയ്യാറാക്കപ്പെടുന്ന പട്ടികയിലെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ എല്ലാ കുടുംബങ്ങളിൽ നിന്നും അവരുടെ കൈവശം ഉളള ഭൂമിയിൽ ചെയ്തുവരുന്ന കൃഷിയെ സംബന്ധിച്ചും കൃഷിയുടെ ജലസേചനരീതിയെ സംബന്ധിച്ചുമുളള വിവരങ്ങളാണ് രണ്ടാംഘട്ടമായി ശേഖരിക്കുന്നത്. സെൻസസിന്റെ രണ്ടാംഘട്ടമായി ശേഖരിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിൽ നിന്നും അവരുടെ കൈവശഭൂമിയിൽ ചെയ്തു വന്നിരുന്ന കൃഷി, ജലസേചന രീതി, വളം, കീടനാശിനി പ്രയോഗം, കൃഷി ചെലവ്, കൃഷിക്കായി എടുത്ത ലോണുകൾ തുടങ്ങിയവ സംബന്ധിച്ച് വിശദമായ വിവരങ്ങളാണ് സെൻസസിന്റെ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കണ്ണാടി ഗ്രാമപഞ്ചായത്തിലെ തരുവാകുറിശി കിഴക്കെമുറിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലത, പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എ. ഉമ്മർ ഫാറൂക്ക് എന്നിവർ പ്രസംഗിച്ചു.
സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ പി.കെ. ശശിധരൻ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ സി. ബിന്ദു പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ മറ്റു ജീവനക്കാർ, കർഷകർ എന്നിവർ പങ്കെടുത്തു. കർഷകനായ ഭവദാസനിൽ നിന്നാണ് ആദ്യ വിവരശേഖരണം നടത്തിയത്.