ജയകുമാരിക്ക് സഹായഹസ്തവുമായി സെന്റ് ഗ്രിഗോറിയോസ് സ്കൂൾ വിദ്യാർഥികൾ
1485049
Saturday, December 7, 2024 4:39 AM IST
അഗളി: വർഷങ്ങളായി വൃക്കരോഗത്താൽ വലയുന്ന വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി നെല്ലിപ്പതി സെന്റ് ഗ്രിഗോറിയോസ് സ്കൂൾ വിദ്യാർഥികളെത്തി. അട്ടപ്പാടി പുതൂർ ചാവടിയൂരിലെ നിർധനയായ ജയകുമാരി എന്ന വീട്ടമ്മയ്ക്കാണ് വിദ്യാർഥികൾ തണലായത്.
അഞ്ചുവർഷമായി വൃക്കരോഗത്താൽ ബുദ്ധിമുട്ടുന്ന ഇവർക്ക് ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യവാരത്തിലോ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടിവരും. ജയകുമാരിയുടെ അമ്മയാണ് വൃക്ക ദാതാവ്. ശസ്ത്രക്രിയയ്ക്കായി 10 ലക്ഷം രൂപയോളം ചെലവ് വരുമെന്നും സുമനസുകളുടെ കാരുണ്യത്തിന് കാത്തിരിക്കുകയാണ് ഈ നിർധന കുടുംബമെന്ന് സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജരും ആശ്രമം ഡയറക്ടറുമായ ഫാ.എംഡി യൂഹാനോൻ റമ്പാൻ പറഞ്ഞൂ. വിദ്യാർഥികൾ സമാഹരിച്ച ഇരുപതിനായിരം രൂപ ജയകുമാരിക്ക് കൈമാറി.