ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിന്റെ വളർച്ച ലക്ഷ്യംവച്ച് സമർപ്പിക്കപ്പെട്ടതു നിരവധി നിർദേശങ്ങൾ
1484735
Friday, December 6, 2024 3:53 AM IST
മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ: നൂറ്റാണ്ടിന്റെ പഴക്കവും നാടിന്റെ മുഖമുദ്രയുമുള്ള ഇരുമ്പുപകരണ നിർമാണസ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസിന്റെ നവീകരണം മുന്നിൽ കണ്ട് സ്റ്റേറ്റ് പബ്ലിക് സെക്ടർ ആൻഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെഡറേഷൻ ഒട്ടേറെ നിർദേശങ്ങൾ സർക്കാറിന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. 2023 മാർച്ചുവരെയുള്ള സർക്കാർവായ്പ 14.93 കോടി രൂപ ഓഹരി മൂലധനമാക്കുകയെന്നതാണ് ഇതിൽ പ്രധാനം.
കൂടാതെ നടപ്പ് പദ്ധതിക്ക് 4.45 കോടി രൂപയും റീജണൽ ഷോറൂമിന് 50 ലക്ഷം രൂപയും ഓഹരിമൂലധനമായോ പലിശരഹിത വായ്പയായോ അനുവദിക്കുകയും ചെയ്യണം. സർക്കാർ വായ്പയുടെയും ഓഹരി മുൻകൂറിന്റേയും പലിശയിനത്തിൽ നൽകാനുള്ള 16.15 കോടിരൂപ എഴുതിത്തള്ളണമെന്ന നിർദേശവും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കമ്പനിയുടെ അംഗീകൃത മൂലധനം വർധിപ്പിക്കുകയും വേണം. നിയമന-സ്ഥാനക്കയറ്റ മാനദണ്ഡങ്ങളും പിന്തുടർച്ചാപ്ലാനും ഉൾപ്പെടെ മനുഷ്യവിഭവശേഷി നയം നടപ്പാക്കുകയെന്ന കാര്യവും ചൂണ്ടികാണിക്കപ്പെടുന്നു. ഇതിന് പുറമേ കമ്പനിയുടെ ഭൂമിവില പുതുക്കി നിശ്ചയിക്കുകയും വേണം. എസ്ഐഎഫ്എല്ലുമായി ബഹിരാകാശ, പ്രതിരോധ ആവശ്യങ്ങൾക്കുള്ള ഉപകരണ വില്പന ധാരണാപത്രം ഒപ്പുവെക്കണമെന്ന നിർദേശവും സി ഡിറ്റുമായി സഹകരിച്ച് ഇ-നമ്പർ പ്ലേറ്റ് പദ്ധതി പുനരാലോചിക്കണമെന്നും നിർദേശമുണ്ട്.
കൂടാതെ സുരക്ഷാ, എനർജി ഓഡിറ്റുകൾ കൃത്യമായ ഇടവേളകളിൽ നടത്തി നിർദേശങ്ങൾ നടപ്പാക്കുകയും വേണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 1923 ൽ ടാറ്റാ അഗ്രിക്കോ ആയി തുടങ്ങിയ ഈ സ്ഥാപനം 1928 ലാണ് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡായത്. 1980 ൽ ഇതിനെ സർക്കാർ ഏറ്റെടുത്തു. അന്നുമുതൽ കാർഷികോപകരണങ്ങളും പരമ്പരാഗത തൊഴിലുപകരണങ്ങളും നിർമിച്ചുവിറ്റാണ് കമ്പനി വരുമാനം ഉണ്ടാക്കിയിരുന്നത്.
നിലവിൽ 8.75 കോടിയുടെ സ്ഥിരം ആസ്തികൾക്കുപുറമെ കാർഷികോപകരണങ്ങളുടെ ഉത്പാദനവും വിപണനവും പെട്രോൾ പമ്പും ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനും ഇതിന്റെ ആസ്തിയാണ്.
തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിക്കുന്നതിനാൽ പ്രവർത്തന മൂലധനത്തിനുൾപ്പെടെ സർക്കാരിനെ ആശ്രയിക്കുന്നതാണ് സ്ഥാപനത്തിന്റെ പ്രധാന പ്രതിസന്ധിക്ക് കാരണം. അതുകൊണ്ടുതന്നെ ധനകാര്യസ്ഥാപനങ്ങൾ വായ്പ നൽകുന്നില്ല. ശമ്പള പരിഷ്കരണത്തിന് കാലതാമസം നേരിടുന്നത് ജീവനക്കാരേയും ബാധിക്കുന്നുണ്ട്.
സർക്കാർ വായ്പയായി നൽകിയ 14.95 കോടി രൂപയും പലിശ ഇനത്തിൽ സർക്കാരിന് 16.15 കോടി രൂപയും നൽകാനുണ്ട്. ഹ്രസ്വകാല വായ്പയായി കനറാ ബാങ്കിന് 1.73 കോടി രൂപയും നൽകാനുള്ളതിൽ ഉൾപ്പെടുന്നു. വാർഷിക വിറ്റുവരവ് 1.4 കോടി രൂപയാണ്.
2009-10 വർഷത്തിൽ ഇത് 1.81 കോടിയായിരുന്നു. ഉത്പാദനശേഷി 272 മെട്രിക് ടണ്ണാണ്. 2019-20ൽ 49 ടൺ ഉത്പാദനമുണ്ടായപ്പോൾ 2022-23ൽ 123 മെട്രിക് ടൺ ഉത്പാദനം വർധിപ്പിക്കാനായി. എസ്ഐഎഫ്എല്ലിന് ഭൂമി വാടകയ്ക്ക് നൽകിയ ഇനത്തിൽ 1.86 കോടിരൂപയുടെ നഷ്ടമുണ്ടായതായും കണക്കുകൾ പറയുന്നുണ്ട്.
തേക്ക്, മാവ് പോലുള്ള മരങ്ങൾ ഉണങ്ങിനശിക്കുന്നത് തടഞ്ഞ് മുറിച്ചുവിൽക്കാൻ അനുമതി നൽകുന്നത് നഷ്ടത്തിന്റെ തോത് കുറയ്ക്കുമെന്നും പരാമർശിക്കപ്പെടുന്നു.