പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കാനുള്ള നീക്കം മാറ്റി
1484734
Friday, December 6, 2024 3:53 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാത പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ചു. ഇന്നലെ രാവിലെ മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്നായിരുന്നു കരാർ കമ്പനിയുടെ ഭീഷണി.
ഇതേതുടർന്ന് രാവിലെ ഏഴുമണിയോടെ തന്നെ സിപിഎം, കോൺഗ്രസ്, കേരള കോൺഗ്രസ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും ജനകീയ സംഘടനകളുടെയും നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ പ്രതിഷേധവുമായി ടോൾപ്ലാസക്കു മുന്നിൽ തടിച്ചുകൂടിയിരുന്നു. വലിയ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായി.
മുൻ എംഎൽഎ സി.കെ. രാജേന്ദ്രൻ, സിപിഎം ഏരിയ സെക്രട്ടറി ടി. കണ്ണൻ, ജില്ലാ കമ്മിറ്റി അംഗം ടി.എം. ശശി, കെപിസിസി മെംബർ പാളയം പ്രദീപ്, ഡിസിസി ജനറൽ സെക്രട്ടറി ഡോ.അർസലൻ നിസാം, ജനകീയ സമിതി ഭാരവാഹികളായ ബോബൻ ജോർജ്, ജോസ് മാസ്റ്റർ, ജീജോ അറയ്ക്കൽ, കേരള കോൺഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളിൽ, തരൂർ നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി നടയത്ത്, വ്യാപാരി സംരക്ഷണ സമിതി പ്രസിഡന്റ് സി.കെ. അച്യുതൻ തുടങ്ങിയ രാഷ്ട്രീയ -സംഘടനകളുടെ നേതാക്കൾ കരാർ കമ്പനി മാനേജർ മുകുന്ദനുമായി വെവ്വേറെ നടത്തിയ ചർച്ചകളിൽ ടോൾപിരിവ് തത്കാലം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
ബന്ധപ്പെട്ടവരുമായി ആലോചിക്കാതെ ടോൾ പിരിവ് നടത്തില്ലെന്ന ഉറപ്പുകൾ കരാർ കമ്പനി വീണ്ടും പുതുക്കി. ഇതിനു മുമ്പും കരാർകമ്പനി പലതവണ ഇത്തരം ഉറപ്പ് നൽകിയിരുന്നതാണ്. അതെല്ലാം ലംഘിച്ചാണ് ഇന്നലെ ടോൾ പിരിക്കാൻ നീക്കമുണ്ടായത്.
എംഎൽഎ ഉൾപ്പെടെയുള്ളവരെ അറിയിക്കാതെ ടോൾ പിരിച്ചാൽ പിന്നീടുണ്ടാകുന്ന സമരങ്ങൾ ഇത്തരത്തിൽ സമാധാനപരമാകില്ലെന്ന് സമരനേതാക്കൾ മുന്നറിയിപ്പു നൽകി. മറ്റു വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുന്നതുൾപ്പെടെ തടഞ്ഞ് ടോൾപ്ലാസ പൂർണമായും സ്തംഭിപ്പിക്കുമെന്നും നേതാക്കൾ താക്കീതു ചെയ്തു. എംഎൽഎമാർ, കളക്ടർ തുടങ്ങിയവരുടെ സൗകര്യം നോക്കി ഈ മാസം 20 ന് യോഗം വിളിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനും തീരുമാനിച്ചു.