ഷൊർണൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടം തകർച്ചാഭീഷണിയിൽ
1484733
Friday, December 6, 2024 3:53 AM IST
ഷൊർണൂർ: ഷൊർണൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടം തകർച്ചാഭീഷണിയിൽ. ഏത് നിമിഷവും തകർന്നുവീഴാവുന്ന കെട്ടിടത്തിനുള്ളിലാണ് ഷൊർണൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പ്രവർത്തനം. സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധിച്ചുറപ്പാക്കുന്ന വിദ്യാഭ്യാസ ഓഫീസിന് ഫിറ്റ്നസ് ലഭിക്കാതായിട്ടും വർഷങ്ങളായി.
സർക്കാർ പ്രസിന്റെ ഉടമസ്ഥതയിലുള്ള സെൻട്രൽ ബുക്ക് ഡിപ്പോ പ്രവർത്തിക്കുന്ന നൂറുവർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് എഇഒ ഓഫീസ്. ബുക്ക് ഡിപ്പോ പ്രവർത്തിക്കുന്നതും ഈ കെട്ടിടത്തിലാണ്. ചുവരുകളും നിലവും മേൽക്കൂരയുമെല്ലാം തകർച്ചയിലാണ്. ഇവിടെയാണ് ജില്ലയിലേക്കുള്ള ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളെത്തിക്കുന്നത്.
ഇതിനുമുകളിലുള്ള സ്ഥലമാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് വാടകയില്ലാതെ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞമാസം എഇഒ ഓഫീസിലെ ജീവനക്കാരന്റെമേൽ മേൽക്കൂരയിലെ സിമന്റ് അടർന്നുവീണിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രധാനപ്രശ്നം. സ്വന്തമായി കെട്ടിടം വേണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വിദ്യാഭ്യാസവകുപ്പ് അനുകൂല നിലപാടെടുത്തിട്ടില്ല. സെൻട്രൽ ബുക്ക് ഡിപ്പോയ്ക്കകത്തു കിടക്കുന്ന പുസ്തകങ്ങളെല്ലാം നനഞ്ഞും ചിതലെടുത്തും നശിച്ചിരിക്കയാണ്.
മഴപെയ്താൽ വെള്ളംകയറുന്ന കെട്ടിടത്തിലാണ് പുസ്തകങ്ങൾ സൂക്ഷിക്കുന്നത്. കെട്ടിടത്തിന്റെ അടിത്തറയും തകർച്ചയിലാണ്. കെട്ടിടത്തിന്റെ പുറംഭാഗത്തെല്ലാം കാടുപിടിച്ച് കിടക്കുകയാണ്. ചുവരുകൾ എപ്പോൾവേണമെങ്കിലും തകരാമെന്ന അവസ്ഥയിലാണ്.
സ്വന്തമായ കെട്ടിടമോ സുരക്ഷിതമായ സ്ഥലമോ വേണമെന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരുടെ ആവശ്യം.
നിലവിലെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കായി അടങ്കൽ തയ്യാറാക്കി നൽകിയിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല.