വാർഡ് നിർണയത്തിലെ അപാകതകൾ പരിഹരിക്കണം: കോൺഗ്രസ് പരാതി നൽകി
1484732
Friday, December 6, 2024 3:53 AM IST
അഗളി: അട്ടപ്പാടിയിൽ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ അതിർത്തി നിർണയത്തിലും വീടുകളുടെ എണ്ണം തിട്ടപ്പെടുത്തിയതിലും മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അഗളി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോബി കുരീക്കാട്ടിൽ പഞ്ചായത്ത് ഡീലിമിറ്റേഷൻ കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകി.
ഭൂപ്രദേശമനുസരിച്ചുള്ള പ്രകൃതിദത്ത അതിരുകൾ ഇല്ലാതെ ആർക്കും മനസിലാകാത്ത ഡിജിറ്റൽ മാപ്പാണ് ചെയ്തിരിക്കുന്നത്,
700 വീടുകൾ ഒരു വാർഡിൽ വേണമെന്ന് കരട് വിജ്ഞാപനത്തിലുള്ള മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഭരണകക്ഷിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ വാർഡു വിഭജനവും വീടുകളുടെ എണ്ണം ചേർക്കലും നടത്തിയിരിക്കുകയാണ്. ഒരു വാർഡിൽ 700 വീടുകൾ ഇല്ലെങ്കിൽ ഭൂപ്രദേശം വെച്ച് തൊട്ടടുത്ത വാർഡിൽ നിന്നുമാണ് കുടുംബങ്ങളെ ചേർക്കേണ്ടത്.
അതിന് വിരുദ്ധമായി വാർഡുകൾ മറികടന്ന് 7 കിലോമീറ്റർ ദൂരെയുള്ള വാർഡുകളിലെ കുടുംബങ്ങളെയാണ് ചേർത്തിരിക്കുന്നത്. വാർഡ് 3 പാക്കുളത്തേക്ക് വാർഡ് നാല് താവളം കടന്ന് വാർഡ് 5 പരപ്പന്തറയിൽ നിന്നാണ് കുടുംബങ്ങളെ ചേർത്തിരിക്കുന്നത്.
ഭരണകക്ഷികളുടെ നിർദേശത്തിൽ ഇത്തരത്തിലുള്ള വാർഡ് വിഭജനം നടത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് അഗളി മണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി കുരീക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെപിസിസി മെംബർ പി.സി. ബേബി ഉദ്ഘാടനം ചെയ്തു.
ഡിസിസി മെംബർ എം.ആർ. സത്യൻ, ഗ്രാമപഞ്ചായത്ത് മെംബർന്മാരായ എസ്. അല്ലൻ, കെ.ടി. ബെന്നി, നാസർ, ബിന്ദു, കെ.ജെ. മാത്യു, ജോണി, സഫിൻ ഓട്ടുപാറ, അക്ഷയ് പ്രസംഗിച്ചു. പരാതികൾ പരിഹരിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചു.