ക്ലാസ് സമയമാറ്റം: മലമ്പുഴ ഐടിഐയിലെ വിദ്യാർഥിനികൾ പ്രക്ഷോഭത്തിൽ
1484729
Friday, December 6, 2024 3:53 AM IST
മലമ്പുഴ: വനിതാ ഐടിഐയിലെ വിദ്യാർഥിനികളുടെ ക്ലാസ് സമയം പുതുക്കിയതിൽ പ്രതിഷേധിച്ച് വിദ്യാർഥിനികൾ നടത്തുന്ന പ്രക്ഷോഭസമരം തുടരുന്നു. രാവിലെ ഏഴരക്ക് ക്ലാസ് തുടങ്ങുന്നതുംവൈകുന്നേരം 5.20 ന് ക്ലാസ് വിടുകയും ചെയ്യുമ്പോൾ വിദ്യാർഥിനികൾ ഏറെ ബുദ്ധിമുട്ടുകയാണ്. ഉൾപ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥിനികൾക്ക് സമയത്തിന് ബസ് ഉണ്ടായിരിക്കില്ല.
രാവിലെഏഴു മണിക്ക് മുമ്പും വൈകുന്നേരം ഏഴു മണിക്കുശേഷവും ബസിൽ കൺസഷൻ കിട്ടില്ല. മാത്രമല്ല വൈകുന്നേരം പോകുമ്പോൾ ജോലിക്കാരും കൂലിപ്പണിക്കാരും ബസിൽ നിറയുമ്പോൾ വിദ്യാർഥിനികളെ കയറ്റാൻ ബസ് ജീവനക്കാർ മടിക്കുന്നു.
ഇതുമൂലം രാത്രി വളരെ വൈകിയാണ് വീട്ടിലെത്താൻ കഴിയുന്നതെന്നും ക്ഷീണം മൂലം പിന്നീട് പഠിക്കാൻ കഴിയുന്നില്ലെന്നും ഉറങ്ങാൻ പോലും സമയം കിട്ടുന്നില്ലെന്നും വിദ്യാർഥിനികൾ പറയുന്നു. പഴയസമയക്രമം തന്നെ പാലിക്കണമെന്ന ആവശ്യവുമായിട്ടാണ് വിദ്യാർഥിനികൾ കക്ഷിരാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി പ്രതിഷേധസമരത്തിനിറങ്ങിയത്.
തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ഇവർ പറഞ്ഞു.