ഭരിക്കുന്നവരുടെ കെടുകാര്യസ്ഥത ജനങ്ങളുടെമേൽ ഭാരം അടിച്ചേൽപ്പിക്കുന്നു: വി.ടി. ബൽറാം
1484726
Friday, December 6, 2024 3:53 AM IST
മലമ്പുഴ: വെള്ളത്തിന്റേയും വൈദ്യുതിയുടേയും ചാർജ് കൂട്ടി ജനങ്ങളുടെമേൽ അമിത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് ഭരണാധികാരികളുടെ കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കാനാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം.
കേരള വാട്ടർ അഥോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് മൂന്നാം സംസ്ഥാന സമ്മേളനം മലമ്പുഴ കവിത ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ പണം നൽകാതെ കർഷകരെ ദുരിതത്തിലേക്കും കടബാധ്യതയിലേക്കും തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും വി.ടി. ബൽറാം ആരോപിച്ചു.
സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു പയ്യങ്കാനം അധ്യക്ഷനായി. ഭാരവാഹികളായ വി. അബ്ദുൾ ബഷീർ, പി. ബിജൂ, ഒ. പ്രകാശ്, ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത്, പ്രഭാകരൻ കരിച്ചേരി, വി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
സംഘടനാ നേതാക്കളായ കെ. ഉണ്ണികൃഷ്ണൻ, കെ. ബാബുരാജൻ, പ്രഭാകരൻ കരിച്ചേരി, എം.എൻ. ശശി, പി.കെ. അബ്ദുൾ റഷീദ്, കെ.എ. സുൾഫിക്കർ എന്നിവരെ കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ആദരിച്ചു.