മദർ കെയർ ആശുപത്രിയിൽ കരുതൽസ്പർശം പദ്ധതിക്കു തുടക്കം
1484725
Friday, December 6, 2024 3:53 AM IST
മണ്ണാർക്കാട്: 65 വയസിനുമുകളിൽ പ്രായമായവർക്ക് മദർ കെയർ ആശുപത്രിയിൽ സൗജന്യ പരിശോധന പദ്ധതിയൊരുങ്ങി. പ്രായമായവരെ ചേർത്തുപിടിക്കുന്നതിനോടൊപ്പം അത്യാധുനിക ചികിത്സ അവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കരുതൽസ്പർശം പദ്ധതി കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. മദർ കെയർ ഹോസ്പിറ്റൽ കാർഡിയാക് തൊറാസിക് സർജൻ ഡോ. വർമ്മ അധ്യക്ഷത വഹിച്ചു.
മുതിർന്ന പൗരന്മാർക്കായി കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു സ്വകാര്യ ആശുപത്രി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ‘എന്നും കരുതലിന്റെ സ്പർശം അവരിലും പുഞ്ചിരി വിരിയിക്കട്ടെ' എന്ന മുഖമുദ്രയോടെ തുടക്കം കുറിച്ച പദ്ധതി കുറഞ്ഞ ചിലവിൽ മികച്ച ചികിത്സയാണ് ലക്ഷ്യമിടുന്നതെന്ന് ഡോക്ടർ പറഞ്ഞു. വാർഡ് മെംബർ സഹദ് അരിയൂർ, അഡ്മിനിസ്റ്ററേറ്റ് ഓഫീസർ വിനോദ് നായർ, ജനറൽ മാനേജർ റിന്റോ തോമസ് തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രിയിൽ എത്തുന്ന 65 കഴിഞ്ഞവർക്ക് എല്ലാ ദിവസവും എല്ലാ വിഭാഗങ്ങളിലും ഈ സേവനം ലഭ്യമാണ്. കൂടാതെ ലാബ് ടെസ്റ്റും എക്സ്റേ, സ്കാനിംഗ് ഉൾപ്പെടെയുള്ളതിന് 20 ശതമാനം ആനുകൂല്യവും ലഭ്യമാണ്.
ചികിത്സക്ക് നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് ആശുപത്രിയുടെ 10 കിലോമീറ്റർ ദൂരപരിധിയിലുള്ളവർക്ക് ഹോം കെയർ സർവീസും നൽകുന്നുണ്ട്. ചികിത്സക്കായി എത്തുന്നവർ ആധാർ കാർഡ് നിർബന്ധമായും കയ്യിൽ കരുതണമെന്ന് മാനേജ്മെന്റ് അറിയിച്ചു.