അശാസ്ത്രീയമായ വാർഡ് വിഭജന പരാതികളിൽ പരിഹാരം വേണം: മുസ്ലീംലീഗ്
1484724
Friday, December 6, 2024 3:53 AM IST
പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ വിവിധ പഞ്ചായത്തുകളിൽ നിന്ന് ഡീലിമിറ്റേഷൻ കമ്മിറ്റിക്ക് സമർപ്പിച്ച പരാതികളിൽ നീതിപൂർവമായ ഇടപെടൽ ഉണ്ടാകണമെന്ന് മുസ്ലീംലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാതെ ഭരണകക്ഷിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ നിയമപരമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ്-മാർക്സിസ്റ്റ് കൂട്ടായ്മക്കെതിരെ വിധിയെഴുത്ത് നടത്തിയ പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർക്കും മുന്നിൽ നിന്ന് പ്രവർത്തിച്ചവർക്കും യോഗം നന്ദി രേഖപ്പെടുത്തി. മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം അധ്യക്ഷത വഹിച്ചു.