പ്രായത്തെ തോൽപ്പിച്ച് കാൽപ്പന്ത് കളിക്കൊരു വ്യത്യസ്തകൂട്ടായ്മ
1484722
Friday, December 6, 2024 3:53 AM IST
ഒറ്റപ്പാലം: കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയവർ പ്രായം വകവയ്ക്കാതെ വീണ്ടും മൈതാനത്തിലേക്ക്. ഇവരുണ്ടാക്കിയ വാട്സാപ്പ് കൂട്ടായ്മയിൽ ഇരു ന്നൂറോളം പഴയ കളിക്കാരുമുണ്ട്. വെറുതെ പന്തുതട്ടൽ മാത്രമാക്കാതെ 40 വയസിനു മുകളിലുള്ളവർക്കായി ടൂർണമെന്റുകൂടി ഒരുക്കിയാണ് ഒറ്റപ്പാലം വെറ്ററൻസ് ഫുട്ബോൾ ക്ലബ് വ്യത്യസ്തമാകുന്നത്.
40 വയസിനുമുകളിലുള്ള കളിക്കാരെ ഉൾപ്പെടുത്തി 10 ടീമുകളുള്ള സെവൻസ് ടൂർണമെന്റ് നടത്താനാണ് ക്ലബ്ബിന്റെ പരിപാടി. സാധാരണ പ്രാദേശിക കളിക്കാർമുതൽ സന്തോഷ് ട്രോഫിയിലും അഖിലേന്ത്യാ മത്സരങ്ങളിലുംവരെ കളിച്ചവർ വെറ്ററൻസ് ഫുട്ബോൾ ലീഗിൽ ബൂട്ടണിയും. മണ്ണാർക്കാട്ടെ 68 വയസുകാരനായ പൂക്കോയ തങ്ങളുൾപ്പെടെ കളിക്കാനിറങ്ങുമെന്ന് സംഘാടകരിലൊരാളായ വി.കെ. അലി അഷ്കർ പറഞ്ഞു.
ഞായറാഴ്ച മുതലാണ് ടൂർണമെന്റ് തുടങ്ങുന്നത്. ജനുവരി 31 നാണ് സമാപനം. റയൽ മാഡ്രിഡ്, ബാർസലോണ, ആർസനൽ, ലിവർപൂൾ തുടങ്ങി ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബ്ബുകളുടെ പേരാണ് ഓരോ ടീമിനും നൽകിയിട്ടുള്ളത്. 40 മിനിറ്റാണ് കളിസമയം. വാണിയംകുളം, പത്തിരിപ്പാല, തൃക്കടീരി, തൃശൂർ ജില്ലയിലെ പാമ്പാടി എന്നിവിടങ്ങളിലെ നാല് ടർഫുകളിലാണ് മത്സരങ്ങൾ. ലീഗ് മാതൃകയിൽ നടക്കുന്ന ടൂർണമെന്റിൽ ഒന്നാം സ്ഥാനത്തെത്തുന്നവർ വിജയിക്കും. ഉദ്ഘാടനമത്സരത്തിനുശേഷം എല്ലാ വെള്ളിയാഴ്ചയും മത്സരം നടത്താനാണ് തീരുമാനം.
പാമ്പാടിയിൽ എട്ടിന് വൈകുന്നേരം ആറുമണിക്കാണ് ഉദ്ഘാടനം. ഇത് നാലാംതവണയാണ് ക്ലബ്ബ് വെറ്ററൻസ് ടൂർണമെന്റ് നടത്തുന്നത്. 2021 ൽ നാലു ടീമുകളെ ഉൾപ്പെടുത്തിയാണ് മത്സരം നടത്തിയത്.