കൽച്ചാടിയിലെ കൃഷിയിടങ്ങളിൽ കാട്ടാനയുടെ വിളയാട്ടം
1484477
Thursday, December 5, 2024 3:45 AM IST
നെന്മാറ: കരിമ്പാറ കൽച്ചാടിയിൽ വീണ്ടും കാട്ടാനയിങ്ങി കൃഷിനാശം വരുത്തി. കഴിഞ്ഞ രണ്ടുദിവസങ്ങളിലും കൽച്ചാടി മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടാന സൗരോർജവേലി തകർത്ത് കൃഷിനാശം തുടരുകയായിരുന്നു.
പൂളക്കാട് ഭാഗത്തുകൂടെ റബർതോട്ടങ്ങളിൽ ഇറങ്ങിയ കാട്ടാന റബർഷീറ്റുകൾ ഉണക്കാനിട്ടവയും മറ്റും നശിപ്പിച്ചിട്ടുണ്ട്. കായ്ച്ചുനിൽക്കുന്ന കമുകുകൾ തള്ളിമറിച്ചിട്ട് തായ്ത്തടിയിലെ ചോറാണ് കാട്ടാന തിന്നിരിക്കുന്നത്.
കൃഷിയിടങ്ങളിലൂടെനടന്ന് കുരുമുളക്, ഫലവൃക്ഷങ്ങൾ, കമുക് തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കർഷകരായ എസ്.എ. ജംഷീദ് ഹസൻ, ആർ. രാധാകൃഷ്ണൻ, ആർ. വേണുഗോപാലൻ കോപ്പൻകുളമ്പ്, അബ്ബാസ് ഒറവഞ്ചിറ, എൽദോസ് പണ്ടിക്കൂടി തുടങ്ങി നിരവധി കർഷകരുടെ കാർഷിക വിളകളാണ് നശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ ഒന്പതുവരെ കാട്ടാന കൃഷിയിടങ്ങളിൽ നാശംതുടർന്നു. കഴിഞ്ഞ രണ്ടുദിവസമായി മേഖലയിലെ റബ്ബർ ടാപ്പിംഗ് മുടങ്ങിയിരിക്കുകയാണ്. ഇതോടെ കർഷകർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും വരുമാനം ഇല്ലാത്ത അവസ്ഥയിലാണ്. കാട്ടാന കൽച്ചാടി പുഴയുടെ തീരത്തുള്ള സൗരോർജവേലി നാലിടത്തു മറിച്ചിട്ടുണ്ട്. ദീർഘദൂരം കമ്പികളും വേലി കാലുകളും വലിച്ചുമാറ്റിയിട്ടുണ്ട്.
കൽച്ചാടി പുഴയിലൂടെ ഇറങ്ങി സമീപത്തെ വനമേഖലയിൽതന്നെ കാട്ടാന തമ്പടിച്ചിരിക്കുകയാണെന്നു പ്രദേശത്തെ കർഷകർ പറഞ്ഞു. അയിലൂർ പഞ്ചായത്തിലെ കൽച്ചാടി പ്രദേശത്തെ സൗരോർജ വേലി കാര്യക്ഷമമായി പ്രവർത്തിക്കാത്തതും വേലിയിലെ യന്ത്രസംവിധാനത്തിലെ ബാറ്ററി വർഷങ്ങൾ പഴക്കമുള്ളവ ആയതിനാലും അല്പസമയത്തിനുശേഷം പ്രവർത്തനരഹിതമാവുകയാണെന്നും കർഷകർ പരാതിപ്പെട്ടു.
കാട്ടാനയെ കാടുകയറ്റാൻ നെന്മാറ വനം ഡിവിഷനു കീഴിലെ തിരുവഴിയാട് സെക്്ഷനിൽപെട്ട പ്രദേശമാണിത്. വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് സ്ഥിരമായി ദ്രുതപ്രതികരണ സേനയെ നിലനിർത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു.