അട്ടപ്പാടി പ്രകൃതിക്ഷോഭമേഖല വിലയിരുത്തി അധികൃതർ
1484476
Thursday, December 5, 2024 3:45 AM IST
അഗളി: അട്ടപ്പാടിയിലെ പ്രകൃതിക്ഷോഭ മേഖലകളിൽ ജിയോളജിക്കൽ,സോയൽ കൺസർവേഷൻ, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി വിഭാഗം എന്നിവ ഇന്നലെ സന്ദർശനം നടത്തി.
തഹസിൽദാർ ഷാനവാസ് ഖാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതാശ്വാസകേന്ദ്രത്തിൽ കഴിയുന്നവരുമായി കഴിഞ്ഞദിവസം ജില്ലാ കളക്ടർ നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
കോട്ടമലയിൽ 25 വീടുകളും, ചുണ്ടകുളം, കുറവൻ പാടി, പോത്തുപാടി പ്രദേശങ്ങളിൽ ഏഴു വീടുകളുമാണ് ജിയോളജിക്കൽ- മണ്ണുസംരക്ഷണവിഭാഗം പരിശോധന നടത്തിയത്. ശക്തമായ മണ്ണിടിച്ചിലുണ്ടായ ചിറ്റൂർ കുറവമ്പാടി റോഡും ചിറ്റൂർ പോത്തുപാടി റോഡും സംഘം നിരീക്ഷിച്ചു.
പരിശോധന റിപ്പോർട്ട് ഒരാഴ്ചയ്ക്കകം ജില്ലാ കളക്ടർക്കു സമർപ്പിക്കുമെന്നു മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം അറിയിച്ചു. ഉരുൾപൊട്ടലിനു സമാനമായി തെക്കേ പുലിയറയിൽ പാലത്തിങ്കൽ മനോജിന്റെ കൃഷിസ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ പ്രദേശവും തുമ്പപ്പാറയിലെ മണ്ണിടിച്ചിൽ മേഖലകളും വരുംദിവസങ്ങളിൽ സന്ദർശിക്കുമെന്നു തഹസിൽദാർ പറഞ്ഞു.
വീടുകൾക്ക് പിന്നിലേക്ക് ഇടിഞ്ഞുവീണിരിക്കുന്ന മണ്ണുംകല്ലും അഗളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ മാറ്റിക്കൊണ്ടിരിക്കുകയാണ്. കുറവൻപാടിയിൽ രണ്ടുവീടുകളും പോത്തുപാടിയിൽ ഒരുവീടുമാണ് ഇനി സുരക്ഷിതമാക്കാനുള്ളത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാനാകുമെന്നു പഞ്ചായത്തംഗം നിത്യാ ഷിജു പറഞ്ഞു.
തഹസിൽദാർ ഷാനവാസ് ഖാൻ, ഗ്രാമപഞ്ചായത്ത് അംഗം നിത്യ ഷിജു, ജിയോളജിസ്റ്റ് എം.വി. വിനോദ്, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി വിഭാഗം ഉദ്യോഗസ്ഥ ലേഖ ചാക്കോ, സോയിൽ കൺസർവേഷൻ വിഭാഗത്തിലെ പി.ഡി. സിന്ധു എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.