ആലത്തൂർ പോലീസ് സ്റ്റേഷനു ദേശീയ പുരസ്കാരം
1484475
Thursday, December 5, 2024 3:45 AM IST
പാലക്കാട്: ജില്ലയിലെ ആലത്തൂർ പോലീസ് സ്റ്റേഷൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2024ലെ മികച്ച പോലീസ് സ്റ്റേഷനുകൾ തെരഞ്ഞെടുത്ത പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.
രാജ്യത്തുടനീളമുള്ള അനേകം സ്റ്റേഷനുകളിൽ നിന്ന് തെരഞ്ഞെടുത്ത 76 സ്റ്റേഷനുകൾക്കിടയിൽ ആലത്തൂർ സ്റ്റേഷൻ മികവ് തെളിയിച്ച് മുന്നിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച പോലീസ് സ്റ്റേഷനുകൾ തെരഞ്ഞെടുത്തത്.
കുറ്റാന്വേഷണത്തിനുള്ള കാര്യക്ഷമത, ക്രമസമാധാനപാലനത്തിലെ ചിട്ട, സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ, ലോക്കപ്പുകളുടെ സുരക്ഷിതത്വം, റെക്കോർഡുകളുടെ മാനേജ്മെന്റ് തുടങ്ങിയവയുടെ മികവാണ് നിർണായകമായത്.
ഇതിനുപുറമെ, സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളിൽ സ്വീകരിച്ച നടപടികളുടെ ഗുണനിലവാരം, പരാതികളിൽ വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിലെ മുന്നേറ്റം, പൊതുജനങ്ങളോടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സദാചാരപരമായ സമീപനം, കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകൾ എന്നിവയിലും ആലത്തൂർ പോലീസ് സ്റ്റേഷൻ ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവച്ചത്.